08 September, 2016 12:42:26 PM
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഓഹരി വിപണിയിലേക്കും
ദില്ലി: സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന് ഓഹരി വിപണിയില്‍ പ്രവേശിക്കാന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി. 5,000 കോടി രൂപയാണ് സമാഹരിക്കുക. 2010-ല്‍ കല്‍ക്കരി ഖനന രംഗത്തെ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ഓഹരി വിപണിയില്‍ നിന്ന് 15,000 കോടി രൂപ സമാഹരിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ ഐപിഒ ആണ് ഐസിഐസിഐയുടേത്.
പ്രാരംഭ ഒാഹരി വില്പനയുടെ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബയേഴ്സിനായി നീക്കിവെച്ചിരിക്കുകയാണ്. ബാക്കിയുള്ളതിന്റെ 60 ശതമാനം ആങ്കര്‍ ഇന്‍വെസ്റ്റേഴ്സിനുള്ളതാണ്. 5 ശതമാനം മ്യൂച്വല്‍ ഫണ്ട് വിഭാഗത്തിലും 35 ശതമാനം ഓഹരികള്‍ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്സിനും ബാക്കി വരുന്നതിന്റെ 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കുമായി നീക്കിവെച്ചിരിക്കുകയാണ്.
ഐസിഐസിഐ ബാങ്കും ഇംഗ്ലണ്ട് ആസ്ഥാനമായ പ്രുഡന്‍ഷ്യല്‍ കോര്‍പ്പറേഷനും ചേര്‍ന്നുളള സംരംഭമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്. ഐസിഐസിഐ ക്ക് 68 ശതമാനവും പ്രുഡന്‍ഷ്യലിന് 26 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്ബനിയിലുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്‍ഷ്വറന്‍സ് കമ്പനി ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നത്.