09 November, 2023 12:25:43 PM
എം.വി.ആറിന്‍റെ പരിപാടിയില്‍ നിന്ന് പിന്മാറുന്നതില്‍ ദുഃഖമറിയിച്ച് കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: തനിക്കേറെ പ്രിയപ്പെട്ട എം.വി ആറിന്‍റെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിച്ചെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
എംവിആറിന്‍റെ മകന്‍ നികേഷ് കുമാറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇടതുപക്ഷ വേദിയില്‍ താന്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു നല്‍കിയ സാഹചര്യത്തില്‍ എംവിആറിന്‍റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചര്‍ച്ചക്കും വിട്ട് കൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.
'ഇന്ന് കണ്ണൂരില്‍ വെച്ച് നടക്കുന്ന എം.വി.ആര്‍ അനുസ്മരണ സെമിനാറില്‍ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്‍റെ മകന്‍ എം.വി നികേഷ് കുമാര്‍ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എം. വി. ആറുമായിട്ടുള്ള അടുപ്പം വെച്ച് ഞാനത് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ന് മീഡിയകള്‍ ഞാന്‍ ഇടതുപക്ഷ വേദിയില്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു നല്‍കിയ സാഹചര്യത്തില്‍ എം.വി.ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചര്‍ച്ചക്കും വിട്ട് കൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഞാന്‍ എന്‍റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.'കുഞ്ഞാലിക്കുട്ടി പറയുന്നു.