22 August, 2023 06:06:18 PM


തുവ്വൂർ കൊലപാതകം: വിഷ്ണുവിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി



മലപ്പുറം: തുവ്വൂരിൽ സുജിത എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്നും യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തിൽ പ്രതിയായ വിഷ്ണു എന്ന വ്യക്തിയെ 2023 മെയ്‌ 24ന് തന്നെ സംഘടനാ പരമായ കാരണങ്ങളാൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

തുവ്വൂർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് വിഷ്ണുവിനെ പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നത്. വിഷ്ണുവിനെ കോൺഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇത്രയും ക്രൂരമായ സംഭവത്തിൽ പ്രതിയായ വ്യക്തിയെ ഒരു നിലക്കും സംരക്ഷിക്കില്ല. കുറ്റവാളികൾക്ക് കനത്ത ശിക്ഷ വാങ്ങി കൊടുക്കാൻ ആവശ്യമായ നിയമപരവും അല്ലാത്തതുമായ സഹായങ്ങൾ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നൽകുമെന്നും ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി പറഞ്ഞു.

ഓഗസ്റ്റ് 11 മുതലാണ് സുജിതയെ കാണാതായത്. സുജിതയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ അന്ന് തന്നെ പൊലീസിൽ പരാതി നൽകി. സുജിതയെ കാണാനില്ലെന്ന് കാട്ടി വിഷ്ണു ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. സുജിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷ്ണുവും അച്ഛനും സഹോദരനും ചേർന്ന് വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് സുജിതയെ കാണാനില്ലെന്ന് കാട്ടി വിഷ്ണു തുടർച്ചയായി ഫേസ്ബുക്ക് പോസ്റ്റുകളിട്ടത്. അതിനിടെയാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുജിതയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വിഷ്ണുവിനെ കുടുക്കിയത്. കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സുജിത വിഷ്ണുവിനെ വിളിച്ചിരുന്നു. കൂടാതെ മൊബൈൽ ഫോണിന്‍റെ ലൊക്കേഷൻ അവസാനമായി കാണിച്ചത് വിഷ്ണുവിന്‍റെ വീടിന് സമീപത്തായിരുന്നു. ഇതോടെയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.

തുവ്വൂർ പഞ്ചായത്തിലെ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു സുജിത. തുവ്വൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിലാണ് വിഷ്ണു ജോലി ചെയ്തിരുന്നത്. അടുത്തടുത്ത ഓഫീസുകളിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇരുവരും ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും ഇതേച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K