17 June, 2023 06:52:00 PM
സാമൂഹ്യനീതി വകുപ്പിന്‍റെ വ്യക്തിഗത ഗുണഭോക്ത പദ്ധതികളിലേക്ക് അപേക്ഷിക്കാം
പാലക്കാട്: സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ ഗവ/ ഗവ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് ധനസഹായം നല്‍കുന്ന വിദ്യാകിരണം, യൂണിഫോം, പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന വിദ്യജ്യോതി, ശാരീരിക മാനസിക അവശതകള്‍മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠനം നടത്താനാവാതെ വിഷമിക്കുന്നവര്‍ക്ക് ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രോഗ്രാം, പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്നിവ വഴി വീട്ടില്‍ തന്നെ ഇരുന്ന് പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിദൂര വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി/വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി/തത്തുല്യ കോഴ്സ്, പി.ജി/ പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നീ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം നല്‍കുന്നതിനായി പരിണയം, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹധനസഹായമായ പരിണയം, ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി പ്രതിമാസം 2,000 രൂപ ക്രമത്തില്‍ കുഞ്ഞിന് രണ്ട് വയസാകുന്നത് വരെ ധനസഹായം നല്‍കുന്ന മാതൃജ്യോതി, ഭര്‍ത്താവ് ഉപേക്ഷിച്ച/ മരിച്ച ഭിന്നശേഷിക്കാരനായ സ്വന്തം മകനെ/ മകളെ ഒറ്റയ്ക്ക് സംരക്ഷിക്കേണ്ടി സ്ത്രീകള്‍ക്ക്, അവരുടെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകന്‍/മകളുടെ സംരക്ഷണം ഉറപ്പാക്കി കൊണ്ട് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനായുള്ള സ്വാശ്രയ എന്നീ പദ്ധതികളിലേക്ക് സുനീതി പോര്‍ട്ടല്‍ മുഖേനെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഭിന്നശേഷിക്കാര്‍ക്ക് കലാകായിക രംഗങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത കലാ-കായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തെ പ്രശസ്ത സ്ഥാപനങ്ങളില്‍ പരിശീലനം ഉറപ്പുവരുത്തുന്നതിനുള്ള ശ്രേഷ്ഠം പദ്ധതിയിലേക്ക് നേരിട്ട് ഓഫീസില്‍ അപേക്ഷ നല്‍കാം. ഈ പദ്ധതി പ്രകാരം ജില്ലയിലെ കലാമേഖലയില്‍നിന്നുള്ള അഞ്ച് പേര്‍ക്കും കായിക മേഖലയില്‍നിന്നുള്ള അഞ്ച് പേര്‍ക്കുമായി ആകെ പത്ത് പേര്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കും.
അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖിക്കേണ്ടി വരുന്ന അംഗപരിമിതര്‍ക്ക് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുന്നതിനായുള്ള പരിരക്ഷ പദ്ധതി, പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരെ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിലും മറ്റ് കാര്യനിര്‍വഹണത്തിലും സഹായിക്കുന്ന/ പ്രോത്സാഹിപ്പിക്കുന്ന എന്‍.എസ്.എസ്/എന്‍.സി.സി/എസ്.പി.സി യൂണിറ്റിനെ ആദരിക്കുന്നതിനായുള്ള സഹചാരി തുടങ്ങിയ പദ്ധതികളിലേക്കും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കാം. ഫോണ്‍: 0491 2505797.