08 June, 2023 01:15:44 PM
'ബിപോർജോയ്' ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിൽ രൂപപ്പെട്ട ബിപോർ ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ വടക്കുപടിഞ്ഞാറ് ദിശയിലാണ് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.