കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വന്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് സംസ്ഥാനവ്യാപകമായി നടന്ന വിജിലന്‍സ് പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. സമ്പന്നനായ വിദേശമലയാളിക്ക് 3 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം നല്‍കിയതുള്‍പ്പെടെ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. കോട്ടയത്ത് കാന്‍സറിനും ഹൃദ്രോഗത്തിനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍.
'ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്' എന്ന പേരില്‍ സംസ്ഥാനവ്യാപകമായുള്ള പരിശോധനയുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്ന കെ- 4 സെക്ഷനിലായിരുന്നു റെയ്ഡ് നടന്നത്. ദുരിതാശ്വാസ നിധിയിൽ നിന്നും പണം കൊടുത്തതായി കാണിച്ച 13 അപേക്ഷകരെ വിളിച്ചന്വേഷിച്ചതിൽ 3 ആൾക്കാർക്ക് പണം ഒന്നും ലഭിച്ചിട്ടില്ലയെന്ന് കണ്ടെത്തി. ജോർജ് എന്ന ആളുടെ പേരിലുള്ള അപേക്ഷയിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അപേക്ഷകന്‍റെ നമ്പര്‍ അല്ലായെന്ന് കണ്ടെത്തി.
മുണ്ടക്കയം സ്വദേശിയായ ജോയി പി ജോൺ എന്ന ആൾക്ക് ഹൃദയസംബന്ധമായ രോഗത്തിന് 2017ൽ കോട്ടയം കളക്ട്രേറ്റിൽ നിന്നും 5000 രൂപയും 2019ൽ ഇടുക്കി കളക്ട്രേറ്റിൽ നിന്നും നിന്നും 10,000 രൂപയും 2020 ൽ കോട്ടയം കളകട്രേറ്റിൽ നിന്നും കാന്‍സറിന് 10,000 രൂപയും ലഭിച്ചു. ഇതിനെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കാഞ്ഞിരപ്പള്ളി ഗവൺമെന്‍റ് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധനായ ഡോ. മാത്യു ആണെന്നും കണ്ടെത്തി. ജോയി പി ജോൺ 2023ൽ എല്ലുരോഗ വിദഗ്ദ്ധനായ ഡോ. മാത്യുവിന്‍റെ സർട്ടിഫിക്കറ്റുമായി കോട്ടയം ജില്ലയിൽ ധനസഹായത്തിന് അപേക്ഷിച്ചിരുന്നതും റിജക്ട് ചെയ്തിട്ടുള്ളതുമാണ്. ഇക്കാര്യത്തിലേയ്ക്ക് വീണ്ടും അപേക്ഷ നൽകിയിട്ടുള്ളത് പെൻഡിംഗിലുമാണ്.
കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോ. മനോജ് താൻ ചികിത്സിക്കാത്ത ആളുകൾക്കും, മറ്റ് ഡോക്ടർമാരുടെ ചികിത്സയിലുള്ളതുമായ വിവിധ ആളുകൾക്കും വിവിധ അസുഖങ്ങൾക്കും സ്ഥിരമായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതായി കണ്ടെത്തി. ദുരിതാശ്വാസനിധിയില്‍നിന്നും മുൻപ് ആനൂകൂല്യം ലഭിച്ചവർക്കും അതേ അസുഖത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തി.
ഇടുക്കിയില്‍ ഫണ്ടിനായി അപേക്ഷിച്ചവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും, രോഗവിവരങ്ങളും വെട്ടി തിരുത്തിയതായി കാണുന്നു. രാജ എന്നയാളുടെ അക്ഷയ സെന്ററിൽ നിന്നും കൂടുതൽ അപേക്ഷ സമർപ്പിച്ചതായി കാണുന്നു. • അപേക്ഷയിലുള്ള ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അപേക്ഷകന്‍റെ നമ്പരല്ലായിരുന്നു. ആയത് ഏജന്‍റിന്‍റെ നമ്പര്‍ ആണെന്ന് സംശയിക്കപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായും സിഎംഡിആര്‍എഫ് ഫണ്ട് അനുവദിച്ച അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളിൽ കരൾ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിയ്ക്ക് ഹൃദയസംബന്ധമായ രോഗമാണെന്നുള്ള സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ചിട്ടുള്ളതായും കണ്ടെത്തി.
കൊല്ലം ജില്ലയിൽ വിജിലൻസ് ഇന്ന് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധനായ ഒരു ഡോക്ടർ നൽകിയതാണെന്നും പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുള്ളതായും കണ്ടെത്തി. കരുനാഗപ്പള്ളിയിൽ പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയിട്ടുള്ളതാണെന്നും ഒരേ വീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകൾ പ്രസ്തുത ഡോക്ടർ രണ്ടു ദിവസങ്ങളിലായി വിതരണം ചെയ്തതായും കണ്ടെത്തി. അപേക്ഷയോടൊപ്പം ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കാത്തവർക്കും അപേക്ഷയിൽ ഒപ്പ് രേഖപ്പെടുത്താത്ത ഒരാൾക്കും ഫണ്ട് അനുവദിച്ചിട്ടുള്ളതായും പരിശോധനയിൽ കണ്ടെത്തി.
എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാധനസഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിയ്ക്ക് 45,000 രൂപയും അനുവദിച്ചിട്ടുള്ളതായും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചിലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചതായും സ്പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടർമാർ വിവിധ തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും കണ്ടെത്തി.
പാലക്കാട് ജില്ലയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ 15 അപേക്ഷകളിലെ 5 അപേക്ഷകളോടൊപ്പം ചേർത്തിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹൃയസംബന്ധമായ അസുഖത്തിന് ആയുർവേദ ഡോക്ടറായ ഒരാൾ നൽകിയതാണെന്നും അഞ്ച് അപേക്ഷകൾ ഒരേ ഏജന്‍റ് മുഖേന സമർപ്പിച്ചതാണെന്നും വിജിലൻസ് കണ്ടെത്തി.
കാസർകോഡ് ജില്ലയിൽ രണ്ട് അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരേ കൈയ്യക്ഷരത്തിലുള്ളതാണ്. എന്നാൽ അതിൽ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടർമാരാണെന്നും ഇപ്രകാരം സംഭവിക്കാനുണ്ടായ സാഹചര്യം തുടർ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ സിഎംഡിആര്‍എഫിലെ അപേക്ഷയോടൊപ്പമുള്ള വരുമാന സർട്ടിഫിക്കറ്റുകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ അധികാരികതയും ഏജന്റുമാരും ഉദ്ദ്യോഗസ്ഥരും കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടോയെന്നതും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ പോലീസ് സൂപ്രണ്ട് (ഇന്റ്) ഇ.എസ്.ബിജുമോൻ നേതൃത്വം നൽകി. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും മിന്നൽ പരിശോധനയിൽ പങ്കെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.