23 October, 2025 03:13:13 PM


രാജ്ഭവനിൽ കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി



തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു, മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണൻ്റെ പ്രതിമ തിരുവനന്തപുരത്തെ രാജ്ഭവനിൽ അനാച്ഛാദനം ചെയ്തു. ചടങ്ങിന് ശേഷം രാഷ്ട്രപതി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഇപ്പോഴത്തെ ബിഹാർ ഗവർണറായ രാജേന്ദ്ര ആർലേക്കർ തുടങ്ങിയ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തു.

രാജ്ഭവനിലെ ഗവർണറുടെ വസതിയിലേക്കുള്ള വഴിയിൽ അതിഥി മന്ദിരത്തോട് ചേർന്നുള്ള സ്ഥലത്താണ് മൂന്നടി ഉയരമുള്ള ഈ അർധകായ സിമന്റ് ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്. ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ പ്രഫ. ഇ.കെ. നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ ഇടുക്കി സ്വദേശിയായ സിജോയാണ് പ്രതിമ നിർമ്മിച്ചത്.

പ്രതിമ സ്ഥാപിക്കാനുള്ള ആശയം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നാണ് ഉടലെടുത്തത്. 2024 മേയ് 3-ന് കേരള മുന്‍ ഗവര്‍ണറും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തിൽ, രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ മുൻ രാഷ്ട്രപതിമാരുടെ ഓർമ്മ നിലനിർത്താൻ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾ ശ്രമിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. കെ ആർ നാരായണൻ്റെ സംഭാവനകളെ പ്രത്യേകം പരാമർശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ശിൽപം രാജ്ഭവനിൽ സ്ഥാപിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929