16 October, 2025 06:14:03 PM
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന.
ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണക്കവര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍. പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണൻ പോറ്റിയെ പൊലീസ് ആസ്ഥാനത്ത് എത്തിക്കും.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി ആവര്‍ത്തിച്ചിരുന്നു. ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മൊഴി എസ്ഐടി വിശ്വാസത്തിലെടുത്തിട്ടില്ല.
ശബരിമലയില്‍നിന്നു കൊണ്ടുവന്ന കട്ടിളയുടെ പാളികളില്‍ ഉണ്ടായിരുന്ന 409 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ രാസപ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ 2019ല്‍ ശബരിമലയില്‍ നിന്നെത്തിച്ച ദ്വാരപാലകശില്‍പങ്ങളില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു. ഇതിനുള്ള സൗകര്യം സ്ഥാപനത്തില്‍ ഇല്ലാതിരുന്നതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള വിദഗ്ധനെ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചത്. 577 ഗ്രാം സ്വര്‍ണമാണ് ദ്വാരപാലകശില്‍പങ്ങളില്‍നിന്നു വേര്‍തിരിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.