01 November, 2025 02:34:10 PM


കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. 

ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍  ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുയുഗ പിറവിയുടെ ദിനമാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞു. ചരിത്രത്തില്‍ ഇടം നേടിയ ഒട്ടനവധി നയപ്രഖ്യാപനങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് ഇത്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ചരിത്രപ്രാധാന്യമുള്ള കാര്യമായത് കൊണ്ടാണ് നിയമസഭ ചേര്‍ന്ന് ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം നാടിനെയും ലോകത്തെയും അറിയിക്കാന്‍ ഉചിതമായ മാര്‍ഗം നിയമസഭ ചേര്‍ന്ന് പ്രഖ്യാപിക്കുന്നതാണ് എന്ന് കണ്ടാണ് നിയമസഭ ചേരാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938