07 October, 2025 07:30:53 PM


ശബരിമല സ്വർണപ്പാളി വിഷയം: ഡപ്യൂട്ടി കമ്മീഷണര്‍ മുരാരി ബാബുവിന് സസ്പെൻഷൻ



തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്പെൻഷൻ. 2019ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപാളി അറ്റകുറ്റപണികൾക്കായി കൊണ്ടുപോയപ്പോൾ മഹസറിൽ ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഉദ്യോ​ഗസ്ഥന് വീഴ്ചയുണ്ടായി എന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് നടപടി. ദേവസ്വം ബോർഡിന്റെ ബോർഡ് യോ​ഗത്തിലാണ് തീരുമാനം.


മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ദേവസ്വം വിജിലൻസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുരാരി ബാബു മാത്രമാണ് നിലവിൽ സര്‍വീസിലുള്ളത്. മറ്റ് രണ്ട് പേരും സര്‍വീസിൽ നിന്ന് വിരമിച്ചു. മുരാരി ബാബു ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് (ഹരിപ്പാട്) ഡെപ്യൂട്ടി കമീഷണറാണ്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു മുരാരി ബാബു. 

എന്നാല്‍ സംഭവത്തില്‍ താന്‍ മാത്രമല്ല തെറ്റുകാരന്‍ എന്നാണ് മുരാരി ബാബുവിന്‍റെ വിശദീകരണം. റിപ്പോർട്ട് ലഭിച്ച ശേഷം അതിന് മുകളിലുള്ള ഉദ്യോഗസ്ഥരും ബോർഡും പരിശോധിക്കേണ്ടതുണ്ടായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. സ്വർണപ്പാളിയുടെ അടിസ്ഥാന ലോഹം ചെമ്പായതുകൊണ്ടാണ് റിപ്പോർട്ടിൽ അങ്ങനെ രേഖപ്പെടുത്തിയതെന്നാണ് മുരാരി ബാബുവിന്‍റെ വാദം. ചെമ്പ് ദൃശ്യമായതിനാലാണ് അങ്ങനെ എഴുതിയതെന്നും അന്ന് 'സ്വർണപ്പാളി' എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ അതിന് സമാധാനം പറയേണ്ടി വരുമായിരുന്നുവെന്നും മുരാരി ബാബു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 2019 ജൂലൈ 16ന് സ്ഥാനം ഒഴിഞ്ഞ താന്‍ സ്വർണപ്പാളി കൈമാറ്റം നടന്ന സമയത്ത് ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും മഹസറിൽ ഒപ്പിട്ടിട്ടില്ലെന്നും ഇദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K