17 October, 2025 03:22:13 PM
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഒക്ടോബർ 30 വരെയാണ് കസ്റ്റഡി കാലാവധിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. വാഹനത്തിലേക്ക് കയറുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ദേഹത്തേക്ക് ആരോ ഷൂ എറിയുകയും ചെയ്തു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഉണ്ണി കൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് വച്ച് എസ്ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചായിരുന്നു ചോദ്യം ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഉണ്ണികൃഷ്‌ണൻ സ്പോൺസറായി അപേക്ഷ നൽകിയത് മുതൽ വലിയ ഗൂഢാലോചന തുടങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൽപേഷിനെ കൊണ്ട് വന്നത് ഗൂഡാലോചനയുടെ ഭാഗമായാണ്. സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും ഗൂഢാലോചനയുണ്ടെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തതായും എസ്ഐടി സംശയിക്കുന്നുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വര്‍ണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടര്‍ന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിച്ചു. ശേഷം 394 ഗ്രാം സ്വര്‍ണം മാത്രം പൂശിയ ശേഷം ബാക്കി സ്വര്‍ണം കൈക്കലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. ശേഷം ദ്വാരപാലകശില്‍പങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെ എത്തിച്ച് പൂജ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.