03 November, 2025 03:49:48 PM


ജനകീയ വൃക്ഷവത്ക്കരണ കാമ്പയിൻ; മികവു പുലർത്തിയവർക്ക് പുരസ്‌കാരം



കോട്ടയം: ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാമ്പയിൻ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്ക് പുരസ്‌കാരം സമ്മാനിച്ചു. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിനാണ് കാമ്പയിനിന് തുടക്കം കുറിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതിയിൽ ജില്ലയിൽ 6.3 ലക്ഷം വൃക്ഷത്തൈകൾ നട്ടു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ്  ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ കാമ്പയിനിന്റെ പൂർത്തീകരണ പ്രഖ്യാപനവും പുരസ്‌കാര ദാനവും നിർവഹിച്ചു.

 ജില്ലയിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട നഗരസഭയ്ക്കുള്ള പുരസ്‌കാരം ചങ്ങനാശേരിയും ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം മുളക്കുളവും നേടി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ  ഏറ്റവും കൂടുതൽ തൈകൾ നട്ട പഞ്ചായത്തിനുള്ള പുരസ്‌കാരം കോരുത്തോടിന് ലഭിച്ചു. ഏറ്റവും കൂടുതൽ തൈകൾ കൈമാറ്റം നടത്തിയ പഞ്ചായത്തു തല സി.ഡി.എസ്  തൃക്കൊടിത്താനവും നഗരസഭ തലത്തിലുള്ള സി.ഡി.എസ് കോട്ടയം നോർത്തുമാണ്.

സ്‌കൂളുകളിൽ ചങ്ങാതിക്കൊരു മരംപരിപാടി മികച്ച നിലയിൽ ഏറ്റെടുത്ത ബി.ആർ.സി ഈരാറ്റുപേട്ടയാണ്. ഏറ്റവും കൂടുതൽ തൈകൾ നട്ട സ്‌കൂളിനുള്ള പുരസ്‌കാരം കുടമാളൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ലഭിച്ചു.  മികച്ച പച്ച ത്തുരുത്തിനുള്ള പുരസ്‌കാരം കുഴിമറ്റം ഗവൺമെന്റ് എൽ.പി സ്‌കൂളും മികച്ച റീലിനുള്ള സമ്മാനം രാമപുരം എസ്.എച്ച്.എൽ.പി സ്‌കൂളും നേടി.

നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ എൻ.എസ്. ഷൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ നായർ, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് കെ.ബി സുഭാഷ്, ബ്ലോക്ക് കോർഡിനേറ്റർ ഷംല ഷിബു, നവകേരളം കർമപദ്ധതി ടെക്കനിക്കൽ അസിസ്റ്റന്റ്‌റ് മീനു ബിജു, കെ.എസ്. പ്രണവ് എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309