05 November, 2025 08:42:08 PM
വെള്ളൂർ കെ.പി.പി.എൽ: മുഴുവൻ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം

വെള്ളൂർ: കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെ.പി.പി.എലിലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 181 കരാർ ജീവനക്കാർക്കാണ് കെ.പി.പി.എല്ലിൽ സ്ഥിര നിയമനം നൽകിയത്. എച്ച് എൻ.എല്ലിൽ ജോലി ചെയ്തുവരവേ, കേന്ദ്ര സർക്കാർ സ്ഥാപനം അടച്ചുപൂട്ടിയതിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാർ പുനർനിയമനം നൽകിയത്. തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
ദേശീയ കമ്പനി ലോ ട്രിബ്യൂണൽ അംഗീകരിച്ച റസല്യൂഷൻ പ്ലാൻ പ്രകാരം തൊഴിലാളികൾക്കുള്ള സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ ഒടുക്കിയാണ് സംസ്ഥാന സർക്കാർ എച്ച് എൻ എൽ ഏറ്റെടുത്തിരുന്നത്. എന്നാൽ കെ.പി.പി.എൽ പ്രവർത്തനം തുടങ്ങിയതിനു ശേഷം പഴയ തൊഴിലാളികളെ തന്നെയാണ് പരമാവധി തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. എച്ച്. എൻ.എൽ അടച്ചത് മൂലം തൊഴിൽ നഷ്ടപ്പെട്ടവരെ സംരക്ഷിക്കുക എന്നതായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നയം. കെ.പി.പി.എല്ലിൻ്റെ തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ജീവനക്കാരുടെ ഘടനയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി ഹ്യൂമൻ റിസോഴ്സ് കമ്മിറ്റിയെ സർക്കാർ 2021 ൽ നിയോഗിച്ചു. ഈ കമ്മിറ്റിക്ക് ആവശ്യമായ കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിന് പ്രോഡക്ടിവിറ്റി കൗൺസിലിനെയും ചുമതലപ്പെടുത്തി. ഈ രണ്ട് പഠന റിപ്പോർട്ടുകളുടേയും ധനകാര്യവകുപ്പിന്റെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സ്ഥിരപ്പെടുത്തുന്നതോടെ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കും.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം വിറ്റുവരവ് ക്രമാനുഗതമായി വർധിപ്പിക്കാൻ കെ.പി.പി.എല്ലിന് കഴിഞ്ഞതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 2025-2026 സാമ്പത്തിക വർഷം ഇതുവരെ 85 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കമ്പനിക്കായി. 741 കോടി രൂപയുടെ അടുത്ത ഘട്ട വിപുലീകരണ പദ്ധതി സർക്കാരിൻ്റെ പരിഗണനയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും തൊഴിലാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാർ നയത്തിൻ്റെ ഉദാഹരണമാണ് കെ.പി.പി.എൽ എന്നും മന്ത്രി പറഞ്ഞു.







