14 October, 2025 12:52:24 PM
"ദേശീയ പദവി വേണ്ട"; കേരളത്തിൽ നിൽക്കാൻ അവസരം വേണമെന്ന് അബിൻ വർക്കി

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തിൽ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പാർട്ടി പറഞ്ഞതെല്ലാം താൻ ചെയ്ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം അബിൻ വർക്കി ഏറ്റെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്.
കാലങ്ങളായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്നു. രാഹുൽ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ മത്സരിക്കാനായി.170000 വോട്ടുകളാണ് നേടിയത്. കോൺഗ്രസ് എന്ന ടാഗ് വന്നാലേ താൻ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും അബിൻ വർക്കി പറഞ്ഞു. നിലപാടിലുറച്ച അബിൻ വർക്കി വൈകാരികമായി പ്രതികരിക്കുന്നതാണ് കാണാനായത്. തന്റെ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് അബിൻ വർക്കി പ്രതികരിച്ചത്.
കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹം. കോൺഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. സഹപ്രവർത്തകർ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നോടൊപ്പം നിന്നു. പാർട്ടി തീരുമാനത്തെ മറിച്ച് പറയില്ല. സ്ഥാനമാനമല്ല പ്രധാനം. പാർട്ടി തീരുമാനം തെറ്റാണെന്ന് താൻ പറയില്ലെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. തന്നെ വെട്ടി തുണ്ടമാക്കിയാലും പാർട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാൻ ഇല്ല. അഭ്യർത്ഥന മുന്നോട്ട് വെക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോൺഗ്രസിൽ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണ്. സ്ഥാനം ഇല്ലെങ്കിലും താൻ യൂത്ത്കോൺഗ്രസിൽ ഉണ്ടാകുമെന്നും അബിൻ കൂട്ടിച്ചേർത്തു.