10 February, 2023 11:19:24 AM
വകുപ്പുകളില്‍ നിന്ന് കുടിശിക 21,797 കോടിയെന്ന് സിഎജി; കാരണം കേസുകളെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസും മറ്റ് നികുതി വര്‍ധനവുകളും പ്രഖ്യാപിച്ച സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്ന് 21,797 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട്. ഇതിൽ 7100.32 കോടി 5 വർഷമായി കുടിശികയാണെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) 2020–21ലെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇന്ധന സെസിലൂടെ ഒരു വർഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 750 കോടി രൂപയുടെ 30 ഇരട്ടിയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കാനുള്ളത്. കുടിശിക വരുത്തിയതിൽ വകുപ്പുകളും വൻകിടക്കാരുമുണ്ടെന്ന സിഎജി റിപ്പോർട്ട് ധനമന്ത്രി നിയമസഭയിൽ വച്ചു.
2021 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം പിരിച്ചെടുക്കാനാകാത്ത തുക ആകെ റവന്യു വരുമാനത്തിന്റെ 22% വരും.∙ ആകെ കുടിശികയിൽ 6422 കോടി രൂപ സർക്കാർ വകുപ്പുകളിൽനിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കിട്ടാനുണ്ട്. ∙ ജിഎസ്ടി വകുപ്പിനു കീഴിലെ തിരഞ്ഞെടുത്ത ചില ഓഫിസുകളിൽ നടത്തിയ പരിശോധനയില്‍ 471 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നും സിഎജി റിപ്പോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഉൽപന്നങ്ങൾക്ക് തെറ്റായ നികുതിനിരക്ക് ചുമത്തിയതുമൂലം വരുമാനത്തിൽ 11 കോടിയുടെ കുറവുണ്ടായെന്നും രേഖകൾ കൃത്യമായി പരിശോധിക്കാത്തതിനാൽ 7.54 കോടി നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തേയിലയ്ക്കുള്ള നികുതി തെറ്റിച്ചതിനാൽ 6.36 കോടി രൂപ സര്‍ക്കാരിന് നഷ്ടപ്പെട്ടെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയ ഭൂരിഭാഗം നികുതി കുടിശികകൾക്കും കാരണം കേസുകളും സർക്കാർ സ്ഥാപനങ്ങളുടെ വീഴ്ചയുമാണെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ അങ്ങോട്ടു സഹായിക്കേണ്ട അവസ്ഥയാണ് സര്‍ക്കാരിനുള്ളത്. പൊതുമാപ്പ് പദ്ധതി നടപ്പാക്കിയതും കോവിഡും കാരണം വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്നാണ് ജിഎസ്ടി വകുപ്പ് സിഎജിക്കു നൽകിയ വിശദീകരണത്തില്‍ പറയുന്നു. അതേസമയം, കെട്ടിട നികുതി സംബന്ധിച്ച 93% കേസുകളും തീർപ്പായതിന് തദ്ദേശ വകുപ്പിനെ സിഎജി അഭിനന്ദിക്കുകയും ചെയ്തു.
സിഎജി റിപ്പോര്‍ട്ടിലെ മറ്റ് സുപ്രധാന കണ്ടെത്തലുകള്‍ ചുവടെ.
> നികുതി റിട്ടേൺ സമർപ്പിച്ചവർക്ക് അനർഹമായ ഇളവു നൽകിയതുവഴി 9.72 കോടി നഷ്ടപ്പെട്ടു.∙
> സംസ്ഥാനാന്തര വ്യാപാരത്തിന്റെ നികുതി നിരക്കിൽ പിഴവുവരുത്തിയതിലൂടെ നഷ്ടം 12.38 കോടി.∙
> പിഴ ചുമത്താത്തതിനാൽ ബാർ ഹോട്ടലുകളിൽനിന്ന് 88 കോടി കിട്ടിയില്ല.
> ബാർ ലൈസൻസ് കൈമാറ്റത്തിന് 26 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിൽ വീഴ്ച. ∙
> ഫ്ലാറ്റുകളുടെ ന്യായവില നിർണയിക്കുന്നതിലെ പോരായ്മ കാരണം 1.51 കോടി നഷ്ടം.