17 December, 2022 06:02:56 AM
സിനിമാ നിർമ്മാതാക്കളുടെ വീടുകള്‍ ഉള്‍പ്പെടെ 50 ഇടങ്ങളില്‍ ആദായനികുതി റെയ്‌ഡ്

കൊച്ചി: കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മലയാള ചലച്ചിത്ര നിർമാതാക്കളുടെ വീടുകളിലും അവരുടെ വസ്തുക്കളിലും റെയ്ഡ് നടത്തിയിരുന്നു. ഡിസംബർ 15 വ്യാഴാഴ്ച രാവിലെ ഏഴര മണിക്ക് ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച പകൽ നാലര മണി വരെ നീണ്ടു. നടനും നിർമാതാവുമായ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സുബൈർ എന്നിവരാണ് റെയ്ഡിൽ ഉൾപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്, ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫും ലിസ്റ്റിൻ സ്റ്റീഫനും ആദായ നികുതി ഓഫീസിൽ രേഖകൾ നേരിട്ട് ഹാജരാക്കിയിരുന്നു.
റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിന്നും ചില നിർണായകമായ ഡിജിറ്റൽ രേഖകൾ ലഭിച്ചു എന്ന് ആദായനികുതി വിഭാഗത്തിൽ നിന്നും വിവരമുണ്ട്. സിനിമാ മേഖലയിലെ ചില പണമിടപാടുകാരുടെയും വിതരണക്കാരുടെയും ഇടപാടുകളും അന്വേഷിച്ചുവരുന്നുണ്ട്. കേരളത്തിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച റെയ്‌ഡിൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായാണ് പൂർത്തിയാക്കിയത്.
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി 50 ലൊക്കേഷനുകളിൽ റെയ്ഡ് നടത്തിയെന്നാണ് റിപ്പോർട്ട്. നികുതി വെട്ടിപ്പ് സംശയിച്ചാണ് റെയ്ഡ് നടത്തിയത്. മോഹൻലാലിന്‍റെ സന്തത സഹചാരി കൂടിയാണ് ആന്റണി പെരുമ്പാവൂർ. ഈ വർഷം ഇദ്ദേഹം നാല് മോഹൻലാൽ ചിത്രങ്ങൾ നിർമിച്ചു. 'ബ്രോ ഡാഡി', '12th മാൻ', 'മോൺസ്റ്റർ', 'എലോൺ' തുടങ്ങിയ സിനിമകൾ ആശിർവാദ് സിനിമാസിന്റെ നിർമ്മാണ പദ്ധതികളായിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ മികച്ച ചിത്രങ്ങളും വിതരണവും നടന്ന വർഷം കൂടിയാണ് 2022. KGF ചാപ്റ്റർ 2, 777 ചാർളി, കാന്താര സിനിമകളുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസിനായിരുന്നു. ജനഗണമന, കുമാരി, ഗോൾഡ് സിനിമകൾ നിർമ്മിച്ചു. 'ബ്രോ ഡാഡി' സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെതായിരുന്നു.
റെയ്ഡ് വിവരം ലോക്കൽ പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല എങ്കിലും ക്രമേണ പോലീസ് സഹായം തേടിയിരുന്നു എന്ന് ഒരു ഐ.ടി. വിഭാഗം ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 2021 ഡിസംബറിലും മലയാള ചലച്ചിത്ര നിർമാതാക്കളുടെ വസ്തുവകകളിൽ റെയ്ഡ് നടന്നിരുന്നു. ഈ വർഷം ജനുവരിയിൽ 'മേപ്പടിയാൻ' സിനിമയുടെ റിലീസിന് മുൻപ് നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു