13 December, 2022 10:01:15 PM


തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; വിശദീകരണം തേടി ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ



കോട്ടയം: രണ്ടു ലിറ്റർ വാഷിംഗ് ലിക്വിഡിന്‍റെ വിലയ്ക്ക് രണ്ടര ലിറ്റർ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന പരാതിയിൽ കോട്ടയം ജില്ലാ ഉപഭോക്തൃകാര്യ തർക്കപരിഹാര കമ്മീഷൻ ഏരിയൽ വാഷിംഗ് ലിക്വിഡിന്‍റെ നിർമാതാക്കളായ പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സിനോട് വിശദീകരണം തേടി. കോട്ടയം സ്വദേശിയായ അഭിഭാഷകൻ രാഹുൽ കൊല്ലാടിന്‍റെ പരാതിയിലാണ് നടപടി.

2.5 ലിറ്റർ വാഷിംഗ് ലിക്വിഡ് 605 രൂപയ്ക്കാണ് ഹോബ്ലി മാർട്ട് എന്ന കടയിൽ നിന്ന് രാഹുൽ വാങ്ങിയത്. അന്നേ ദിവസം അതേ കടയിൽ നിന്ന് ഇതേ ഉത്പന്നത്തിന്‍റെ ഒരു ലിറ്റർ 250 രൂപയ്ക്കു വാങ്ങി. വിശദമായ പരിശോധനയിൽ 2.5 ലിറ്റർ ലിക്വിഡിന്റെ ക്യാനിൽ ലിറ്ററിന് 302.50 രൂപ പ്രകാരമാണ് എന്ന് രേഖപ്പെടുത്തിയിരുന്നതെന്ന് പരാതിക്കാരൻ കണ്ടെത്തി. 500 മില്ലിലിറ്റർ വാഷിംഗ് ലിക്വിഡ് സൗജന്യമാണ് എന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമില്ലാതെ 2.5 ലിറ്ററിന്റെ ശരിയായ വില ഉത്പന്നത്തിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ ആ ഉത്പന്നം വാങ്ങുകയില്ലാരുന്നെന്നും തെറ്റിദ്ധരിപ്പിച്ച് 105 രൂപ അധികമായി ഈടാക്കിയെന്നുമാണ് പരാതി.

തെറ്റിദ്ധരിപ്പിക്കുന്ന ഈ പരസ്യം പിൻവലിച്ച് ഉത്തരവുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഹർജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ടിയാ കേസ് നിലനിൽക്കുമെന്ന് കണ്ടെത്തിയ അഡ്വ. വി.എസ് മനുലാൽ പ്രസിഡന്‍റും അഡ്വ. ആർ. ബിന്ദു, കെ.എം ആന്‍റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഈ ഉത്പന്നം വിപണിയിൽനിന്ന് പിൻവലിച്ച് ഉത്തരവിടാതിരിക്കാൻ 15 ദിവസത്തിനകം കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊട്ടക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സിന് നോട്ടീസ് നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K