08 November, 2022 04:51:11 PM


മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ സാബു തോമസും എം.ജിയിലെ രണ്ട് അധ്യാപകരും

നേട്ടം സ്റ്റാൻഫോർഡ് എൽസേവിയർ റാങ്കിംഗിൽ



കോട്ടയം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും നെതർലാൻഡ്സ് ആസ്ഥാനമായുള്ള പ്രമുഖ പ്രസിദ്ധീകരണ കമ്പനിയായ എൽസേവിയറും ചേർന്ന് ആഗോള തലത്തിൽ തയ്യാറാക്കിയ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ എം. ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസും സർവകലാശാലയിലെ രണ്ട് അധ്യാപകരും തിരഞ്ഞെടുക്കപ്പെട്ടു. 

സ്‌കൂൾ ഓഫ് ബയോസയൻസസിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. രാധാകൃഷ്ണൻ ഇ. കെ., സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രഫസർ ഡോ. ശ്രീകല എം.എസ്. എന്നിവരാണ് പട്ടികയിൽ ഇടം നേടിയ അധ്യാപകർ. പ്രബന്ധങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സ്വീകാര്യത, നിലവാരം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 22 ശാസ്ത്ര മേഖലകളിലെയും 176 ഉപമേഖലകളിലെയും ഒരു ലക്ഷത്തിലധികം മികച്ച ശാസ്ത്രജ്ഞൻമാരുടെ കഴിഞ്ഞ ഒരു വർഷത്തെ പട്ടിക തയ്യാറാക്കിയത്. 
 
പോളിമെർ സയൻസ്, നാനോസയൻസ്, നാനോടെക്നോളജി മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള പ്രൊഫ. സാബു തോമസ് തുടർച്ചയായി മൂന്നാം തവണയാണ് ഈ പട്ടികയിൽ ഇടം നേടുന്നത്. കഴിഞ്ഞ മാസം സ്റ്റാൻഫോർഡ് സർവ്വകലാശാല പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലും പ്രഫ. സാബു തോമസ് ഉൾപ്പെട്ടിരുന്നു. 

ഖരഗ്പുർ ഐ.ഐ.ടി.യിൽ നിന്നും പി.എച്ച്.ഡിയും ബെൽജിയത്തിലെ കാതോലിക്കേറ്റ് സർവകലാശാലയിൽ നിന്നും കാനഡയിലെ ക്യുബെക് സർവകലാശാലയിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുള്ള ഇദ്ദഹേം 1400ലധികം പ്രബന്ധങ്ങളും നൂറോളം ശാസ്ത്ര പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പ്രഫ. സാബു തോമസിന്റെ കീഴിൽ 120ഓളം ഗവേഷണ വിദ്യാർഥിളുണ്ട്. 

ഇദ്ദേഹത്തിന്റെ ഗവേഷണ കണ്ടുപിടുത്തങ്ങൾ നാനോടെക്നോളജി, നാനോമെഡിസിൻ, ജല ശുദ്ധീകരണം, പോളിമെർ സാങ്കേതിക വിദ്യ, ടയർ എൻജിനീയറിംഗ്, മുതലായ മേഖലകളിൽ ആഗോളതലത്തിൽതന്നെ ശ്രദ്ധ നേടിയവയാണ്. പതിനഞ്ചിലധികം അന്താരാഷ്ട്ര പ്രോജക്ടുകളും മുപ്പത്തിയഞ്ചോളം ദേശീയ പ്രൊജക്ടുകളും എം.ജി.സർവകലാശാലയ്ക്ക് ലഭ്യമാക്കിയ ഇദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറുമാണ്. 

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നും പി.എച്ച്.ഡി നേടിയ ഡോ. രാധാകൃഷ്ണൻ ജപ്പാനിലെ ടോക്കിയോ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനു ശേഷമാണ് എം. ജി. യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചത്.  സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബാക്റ്റീരിയകളെകുറിച്ചാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണം.

കേന്ദ്ര-സംസ്ഥാന ധനസഹായത്തോടെ പൂർത്തീകരിച്ച പത്തോളം പ്രോജക്ടുകളും 150ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.  ചുരുങ്ങിയ കാലയളവിൽ ഡോ. രാധാകൃഷ്ണന്റെ കീഴിൽ പതിനാലു വിദ്യാർഥികൾ പി.എച്ച്.ഡി പൂർത്തീകരിച്ചു.

ആന്റിബയോട്ടിക്കുകളെ നിർവീര്യമാക്കാൻ കഴിയുന്ന ബാക്റ്റീരിയകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഇദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്.  സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെയും മെഡിക്കൽ കോളേജിന്റെയും സഹായത്തോടു കൂടിയാണ് ഈ ഗവേഷണം. 

ഇദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള ഗവേഷണ സംഘം പ്രകൃതിദത്ത ജൈവവളങ്ങളുടെ നിർമ്മാതാക്കളായ അബ്ടെക് എന്ന കമ്പനിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത 'നാനോപവർ' എന്ന ഉത്പന്നത്തിന് വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്.  സർവകലാശാലയുടെ മികച്ച ഗവേഷണ ഫലങ്ങൾ വ്യാവസായിക സംരംഭങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററിന്റെ ഓണററി ഡയറക്ടർ കൂടിയാണ് ഡോ. രാധാകൃഷ്ണൻ.
 
മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി നേടിയ ഡോ. ശ്രീകല ജപ്പാനിലെ യമാഗുച്ചി, ജർമനിയിലെ കൈസർസ്ലേഔട്ടൺ സർവകലാശാലകളിൽനിന്നും പോസ്റ്റ് ഡോക്ടറൽ യോഗ്യതയും കരസ്ഥമാക്കി.

അന്നജം പോലുള്ള പ്രകൃതിജന്യ വസ്തുക്കളിൽ നിന്നും പരിസ്ഥിതി സൗഹാർദ ഉത്പന്നങ്ങൾ തയ്യാറാക്കാൻ സഹായകയമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതാണ് ഗവേഷണ മേഖല. മനുഷ്യ നിർമ്മിതമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുവാനും കൃഷി സ്ഥലങ്ങളിലെയും ഭക്ഷ്യ വ്യവസായ യൂണിറ്റുകളിലെയും ഉപയോഗശൂന്യമായ പദാർത്ഥങ്ങളിൽ നിന്നും മേന്മയേറിയ ഉത്പന്നങ്ങൾ നിർമ്മിക്കുവാനും ഇത്തരം ഗവേഷണങ്ങളിലൂടെ ലക്ഷ്യമിടുന്നു.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജി ജോയിന്റ് ഡയറക്ടറായും ഡോ. ശ്രീകല പ്രവർത്തിച്ചു വരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K