23 September, 2022 09:19:33 PM
വനിത വികസന കോർപറേഷൻ വനിതകൾക്ക് സ്വയം തൊഴിൽ വായ്പകൾ നൽകുന്നു
കോട്ടയം: സംസ്ഥാന വനിത വികസന കോർപറേഷൻ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആറുശതമാനം പലിശ നിരക്കിൽ വായ്പകൾ നൽകുന്നു. 18- 55 വയസ് പ്രായപരിധിയിലുള്ളവർക്കാണ് വായ്പ അനുവദിക്കുക.
ന്യൂനപക്ഷ/ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കു പരമാവധി 30/15 ലക്ഷം രൂപ വരെയും മുന്നോക്ക / പട്ടിക ജാതി വിഭാഗത്തിലുള്ളവർക്കു പരമാവധി മൂന്നുലക്ഷം രൂപ വരെയും പട്ടിക വർഗ വിഭാഗത്തിന് പരമാവധി രണ്ടുലക്ഷം രൂപ വരെയും വായ്പ ലഭിക്കും. www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് വായ്പ അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിച്ച് കോട്ടയം നഗരത്തിലെ ലോഗോസ് ജംഗ്ഷനിലെ വനിത വികസന കോർപറേഷൻ ഓഫീസിൽ അപേക്ഷ നൽകണം.
അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1, ജാതി, വയസ്സ് തെളിയിക്കുന്ന രേഖകൾ (എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ പകർപ്പ് അല്ലെങ്കിൽ വില്ലേജ് / താലൂക്ക് ഓഫീസിൽ നിന്നും ജാതി സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിന് ഗവൺമെന്റ് മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം)
2, റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പ്
3, ആധാർ ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്ക് പകർപ്പ് (സീറോ ബാലൻസ് അക്കൗണ്ട് സ്വീകരിക്കില്ല)
4, പദ്ധതി റിപ്പോർട്ട് (പദ്ധതിയെക്കുറിച്ചുള്ള വിശദമായ രൂപരേഖ)
5, എ.പി.എൽ. വിഭാഗക്കാർക്ക് വില്ലേജ് ഓഫീസിൽനിന്നു കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്
കുടുംബശ്രീ സി.ഡി.എസുകൾക്കും വനിത വികസന കോർപ്പറേഷൻ എംപാനൽ ചെയ്ത സന്നദ്ധ സംഘടനകൾക്കും ഇവയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും വ്യവസ്ഥകൾക്ക് വിധേയമായി ലഘു വായ്പകൾ കോർപറേഷൻ നൽകുന്നു. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്ത ശേഷം മടങ്ങിയെത്തിയ വനിതകൾക്ക് പരമാവധി 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്ന 'നോർക്ക വനിതാ മിത്രാ' സ്വയം തൊഴിൽ വായ്പാ പദ്ധതി ലഭ്യമാണ്. വാർഷിക കുടുംബ വരുമാനം മൂന്നുലക്ഷം രൂപ വരെയുള്ള 18 - 55 വയസ് പ്രായപരിധിയിലുള്ളവർക്കാണ് വായ്പ ലഭിക്കുക. വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥിതിയിൽ നൽകുന്ന വായ്പയ്ക്ക് നോർക്ക റൂട്ട്‌സിന്റെ അന്തിമ അനുമതി ആവശ്യമാണ്. ജാതി, വയസ്സ്, വരുമാനം തെളിയിക്കുന്ന രേഖകളും, റേഷൻ കാർഡ്, പാസ്‌പോർട്ട് വിശദാംശങ്ങളും വിസ, എക്‌സിറ്റ് പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അഞ്ച് വർഷമാണു തിരിച്ചടവ് കാലാവധി. വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്കു പദ്ധതി ചെലവിന്റെ 15 ശതമാനത്തിന് തുല്യമായ തുക (3,00,000 രൂപ വരെ) മൂലധന സബ്‌സിഡിയും ആദ്യത്തെ നാല് വർഷം വായ്പാ തുകയിന്മേൽ മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് കോട്ടയം ലോഗോസ് സെന്ററിലുള്ള സംസ്ഥാന വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2930323.