15 July, 2016 02:27:13 PM
ആദായ നികുതി റെയ്ഡ് : മുന്‍ കേന്ദ്രമന്ത്രി എസ്. ജഗത്രക്ഷകന്‍ കോടികള്‍ വെട്ടിച്ചതായി കണ്ടെത്തി
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എസ്. ജഗത്രക്ഷകന്‍െറ വീടുകളിലും വ്യവസായ സംരംഭങ്ങളിലും തുടരുന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ 15 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടത്തെി. 200 കോടി രൂപക്കു മേല്‍ നികുതി വെട്ടിച്ചിട്ടുണ്ടെന്നാണ് നിഗമനം. ബാങ്ക് ലോക്കറുകളില്‍നിന്ന് പണവും സ്വര്‍ണവും അനധികൃത ഇടപാടുകളും ഭൂമിയുടെ രേഖകളും കണ്ടത്തെിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുരേഖകളും ലഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങളുള്ള ജഗത് രക്ഷകന്‍ വന്‍ വ്യവസായ സാമ്രാജ്യത്തിന്‍െറ ഉടമയാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ വാര്‍ത്താവിനിമയം, ഊര്‍ജം, വാണിജ്യ വ്യവസായ വകുപ്പുകളുടെ സഹ മന്ത്രിയായിരുന്നു. കല്‍ക്കരി ഖനന ഇടപാടില്‍ അഴിമതി ആരോപണം നേരിട്ടിട്ടുണ്ട്. കുടുംബം നടത്തുന്ന സ്ഥാപനങ്ങളുടെയും ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത് ജഗത്രക്ഷകനാണ്. എ.ഐ.എ.ഡി.എം.കെ നേതാവായിരുന്ന ഇദ്ദേഹം 1999ലാണ് ഡി.എം.കെയിലത്തെിയത്. ജഗത്രക്ഷകന്‍ 30ഓളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മദര്‍ തെരേസയാണ് ഒരു പുസ്തകം പ്രകാശനംചെയ്തത്.
ചെന്നൈ, അഡയാര്‍, നുങ്കമ്പാക്കം എന്നിവിടങ്ങളിലെ വീടുകള്‍, ഓഫിസുകള്‍, ചെന്നൈയിലെയും പുതുച്ചേരിയിലെയും നക്ഷത്ര ഹോട്ടലുകള്‍, വില്ലുപുരം ജില്ലയിലെ മദ്യ ഉല്‍പാദന കേന്ദ്രം, കുടുംബത്തിന്‍െറ നിയന്ത്രണത്തിലുള്ള ഈസ്റ്റ് താംബരത്തെ ഭാരത് സര്‍വകലാശാല, ചെന്നൈ ക്രോംപെട്ടിലെ ശ്രീ ബാലാജി മെഡിക്കല്‍ കോളജ് ആശുപത്രി, പുതുച്ചേരിയിലെ ശ്രീ ലക്ഷ്മി നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലുള്ള ഓഫിസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.