26 July, 2022 06:22:34 PM
ഒരു കോടി രൂപ ലോട്ടറിയടിച്ചത് പുലിവാലായി; നികുതിയടച്ച് വലഞ്ഞെന്ന് അന്നമ്മ
കോട്ടയം: ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും കരയണോ ചിരിക്കണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണ് അന്നമ്മ എന്ന വീട്ടമ്മ. കോട്ടയം സ്വദേശിയായ അന്നമ്മയ്ക്ക് ഒരു വർഷം മുമ്പാണ് ഒരു കോടി രൂപ ലോട്ടറിയടിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ഇവർക്ക് ലഭിച്ചത്. എന്നാൽ സമ്മാനത്തുക കൈയിൽ ലഭിച്ചിട്ടും ഇപ്പോഴും നികുതി അടക്കേണ്ടിവരുന്ന അവസ്ഥയിലാണ് അന്നമ്മ.
ലോട്ടറി അടിച്ചപ്പോൾ സന്തോഷത്തിലായിരുന്നു അന്നമ്മ. നികുതിയെല്ലാം കഴിഞ്ഞ് 60 ലക്ഷത്തിന് മുകളിൽ തുക കൈയ്യിൽ കിട്ടി. ജീവിത പ്രാരാബ്ധമായി വർഷങ്ങളോളം ഉണ്ടായിരുന്ന കടങ്ങളും മറ്റും വീട്ടി ബാക്കി തുക ട്രഷറിയിൽ സ്ഥിരം നിക്ഷേപമാക്കി. ഇതിന്‍റെ പലിശ ഉപയോഗിച്ചാണ് അന്നമ്മയുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും നികുതി അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചതോടെയാണ് ഈ വീട്ടമ്മ പരുങ്ങലിലായത്.
ആദായനികുതി വകുപ്പിൽനിന്ന് ലഭിച്ച നോട്ടീസിൽ നാല് ലക്ഷം രൂപ സര്‍ചാര്‍ജ് ആയി നികുതിയടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കടം വീട്ടിയതിന് ശേഷം ബാക്കിയുള്ള തുക സ്ഥിര നിക്ഷേപമായി ട്രഷറിയിൽ ഇട്ടിരിക്കുമ്പോഴാണ് ഇത്. സർചാർജ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് ഒരു വര്‍ഷം വൈകിയാണ് ലഭിച്ചത്. തിരുവനന്തപുരത്തെ ലോട്ടറി വകുപ്പിൽ അന്വേഷിച്ചപ്പോൾ, എല്ലാ നികുതിയും പിടിച്ച് ബാക്കി തുകയാണ് നൽകിയതെന്നാണ് അറിയിച്ചത്. അതുകൊണ്ടുതന്നെ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് അന്നമ്മ.
സർച്ചാർജ് നികുതി ജൂലൈ 31 നുള്ളിൽ അടയ്ക്കണം എന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് അറിയിച്ചത്. എന്നാൽ ഇത്തരത്തിൽ സർച്ചാർജ് അടയ്ക്കുന്നതിനെ കുറിച്ച് തുക കൈപ്പറ്റുമ്പോൾ ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് അന്നമ്മ പറയുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ച് ഒരു അറിയിപ്പും നൽകുന്നില്ല. അതിനിടെ ഒരു വർഷം വൈകി നോട്ടീസ് ലഭിച്ചതുകൊണ്ട് പിഴയായി, കൂടുതൽ തുക നൽകേണ്ടിവരുമെന്നും അന്നമ്മയോട് ചിലർ പറഞ്ഞു. സർച്ചാർജ് അടയ്ക്കുന്നതിന് വേണ്ടി ട്രഷറിയിലെ നിക്ഷേപം കാലാവധി എത്തുന്നതിന് മുമ്പ് പിൻവലിക്കേണ്ട അവസ്ഥയിലാണ് അന്നമ്മ.