30 June, 2022 12:41:15 PM


ജൂലൈയിൽ 14 ദിവസം ബാങ്കുകള്‍ അടച്ചിടും; കേരളത്തില്‍ ഏഴ് അവധി ദിനങ്ങള്‍ മാത്രം



മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2022 ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഈ വര്‍ഷം ജൂലൈയില്‍ 14 ബാങ്ക് അവധി ദിവസങ്ങളാണ് ഉള്ളത്. പല ബാങ്ക് അവധികളും പ്രാദേശിക അവധികളായിരിക്കും. അത് ഓരോ സംസ്ഥാനത്തിനും ബാങ്കുകള്‍ക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ജൂലൈയിലെ 14 അവധി ദിനങ്ങളില്‍ എട്ടെണ്ണം പ്രാദേശിക ബാങ്ക് അവധികളാണ്. ജൂലൈ 1ന് ഒഡീഷയില്‍ ബാങ്ക് അവധിയാണ്. എന്നാല്‍, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഈ ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

അതേസമയം, ജൂലൈയില്‍ ഏഴ് വാരാന്ത്യ അവധികളുണ്ട്. പ്രാദേശിക അവധികളും വാരാന്ത്യ അവധികളും ചേര്‍ത്താല്‍, ജൂലൈയില്‍ മൊത്തം 15 ബാങ്ക് അവധികള്‍ ഉണ്ടാകും. കൊച്ചിയിലും തിരുവനന്തപുരത്തും ജൂലൈ 9ന് ബക്രീദ് ദിനത്തിലാണ് പ്രാദേശിക അവധി വരുന്നത്. എന്നാൽ ഈ ദിവസം രണ്ടാം ശനിയാഴ്ചയായതിനാൽ എല്ലായിടത്തും അവധി ബാധകമാണ്.

സെന്‍ട്രല്‍ ബാങ്ക് മൂന്ന് ബ്രാക്കറ്റുകള്‍ക്ക് കീഴിലാണ് അവധിദിനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത് - നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേ, ബാങ്ക്സ് ക്ലോസിംഗ് ഓഫ് അക്കൗണ്ട്സ്. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും ഈ അറിയിപ്പ് പ്രകാരമുള്ള ദിവസങ്ങളില്‍ അവധിയായിരിക്കും.

എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഞായറാഴ്ചകളിലും ബാങ്കുകള്‍ അടച്ചിടും. എന്നാല്‍ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആര്‍ബിഐയുടെ അവധി ദിവസങ്ങളുടെ പട്ടിക മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധി ദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിവയാണ് ഇവ.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള ജൂലൈയിലെ അവധി ദിനങ്ങളുടെ പട്ടിക:

ജൂലൈ 1: കാങ് (രഥജാത്ര)/ രഥ യാത്ര - ഭുവനേശ്വര്‍

ജൂലൈ 7: ഖര്‍ച്ചി പൂജ - അഗര്‍ത്തല

ജൂലൈ 9: ഈദ്- ഉല്‍ അദ്ഹാ (ബക്രീദ്) - കൊച്ചി, തിരുവനന്തപുരം; രണ്ടാം ശനിയാഴ്ചയായതിനാല്‍ രാജ്യത്തുടനീളം ബാങ്കുകള്‍ അടച്ചിടും

ജൂലൈ 11: ഈദുല്‍ അസ്ഹ - ശ്രീനഗര്‍, ജമ്മു

ജൂലൈ 13: ഭാനു ജയന്തി - ഗാംഗ്ടോക്ക്

ജൂലൈ 14: ബെ ഡീന്‍ഖലാം - ഷില്ലോംഗ്

ജൂലൈ 16: ഹരേല - ഡെറാഡൂണ്‍

ജൂലൈ 26: കേര്‍ പൂജ - അഗര്‍ത്തല

വാരാന്ത്യ അവധികള്‍:

ജൂലൈ 3: ഞായറാഴ്ച

ജൂലൈ 9: രണ്ടാം ശനിയാഴ്ച + ബക്രീദ്

ജൂലൈ 10: ഞായറാഴ്ച

ജൂലൈ 17: ഞായറാഴ്ച

ജൂലൈ 23: നാലാം ശനിയാഴ്ച

ജൂലൈ 24: ഞായറാഴ്ച

ജൂലൈ 31: ഞായറാഴ്ച


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K