16 June, 2022 09:18:39 PM
'വശ്യഗന്ധി': സ്വന്തമായൊരു പെര്‍ഫ്യൂമെന്ന സ്വപ്നം സാക്ഷാത്കരിച്ച് ഊര്‍മിളാ ഉണ്ണി
കൊച്ചി: മലയാളത്തില്‍ ആദ്യമായി ഒരു സിനിമാതാരത്തിന്‍റെ പേരില്‍ പെര്‍ഫ്യൂം. നടി ഊര്‍മിളാ ഉണ്ണിയാണ് സ്വന്തം പേരിലുള്ള പെര്‍ഫ്യൂം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 'ഊര്‍മിളാ ഉണ്ണീസ് വശ്യഗന്ധി' എന്ന പേരിലുള്ള പെര്‍ഫ്യൂം ഊര്‍മ്മിളയുടെ ജന്മദിനം കൂടിയായിരുന്ന ഇന്നലെ എറണാകുളത്താണ് ലോഞ്ച് ചെയ്തത്. വശ്യമായ സുഗന്ധമുള്ള പെര്‍ഫ്യൂം പക്ഷെ കടകളില്‍ കിട്ടില്ല. ഓണ്‍ലൈനില്‍ കൂടി മാത്രമായിരിക്കും ബിസിനസ്.
സ്വന്തം പേരില്‍ ഒരു പെര്‍ഫ്യൂമെന്നത് ഏറെ വര്‍ഷങ്ങളായി മനസ്സിലുള്ള ആഗ്രഹമായിരുന്നുവെന്ന് ഊർമ്മിള കൈരളി വാര്‍ത്തയോട് പറഞ്ഞു. അങ്ങനെ ഒരു തോന്നല്‍ വരാനും കാരണമുണ്ട്. "ഇന്ത്യയില്‍ ആദ്യമായി സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കിയ സിനിമാതാരം സീനത്ത് അമന്‍ ആണ്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അത് മാര്‍ക്കറ്റില്‍ എത്തിയത്. ഡല്‍ഹിയിലോ ബോംബെയിലോ മറ്റോ ഒരു എയര്‍പോര്‍ട്ടിലൂടെ നടക്കുമ്പോൾ അമിതാഭ് ബച്ചന്‍റെ പേരില്‍ കവറില്‍ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ പ്രിന്‍റ് ചെയ്ത ഒരു പെര്‍ഫ്യൂം കണ്ടിരുന്നു. എന്‍റെ ഫോട്ടോ വച്ച ഒരു പെര്‍ഫ്യൂം ഇങ്ങനെ ഉണ്ടായിരുന്നെങ്കില്‍ എന്ന് അന്ന് ആഗ്രഹം തോന്നി. അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധതൈലം സ്ഥിരമായി ഉപയോഗിച്ചിരുന്ന ഞാന്‍ അന്നു തുടങ്ങിയ പ്രയത്നമാണ് ഇപ്പോള്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടത്"
മുത്തശ്ശിമാര്‍ പകര്‍ന്നു തന്ന ഒരു കൂട്ടാണിതെന്നും കോവിലകത്തു തന്നെ ഉണ്ടാക്കുന്ന ഒരു സുഗന്ധതൈലമാണ് താന്‍ ഉപയോഗിച്ചുവരുന്നതെന്നും ഊര്‍മ്മിള പറയുന്നു. അപ്പൂപ്പനാണ് ഈ കൂട്ട് കോവിലകത്ത് പരിചയപ്പെടുത്തിയത്. വിദേശത്ത് പോയി പഠിച്ച അപ്പൂപ്പന്‍ ഈ കൂട്ട് അമ്മൂമ്മയ്ക്ക് പകര്‍ന്നു കൊടുത്തു. അമ്മൂമ്മയില്‍നിന്നും തന്‍റെ അമ്മയിലേക്കും തുടര്‍ന്ന് തന്നിലേക്കും എത്തി. സ്വയം തയ്യാറാക്കുന്ന കൂട്ടിന്‍റെ മണം എല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നു. 'ഏത് പെർഫ്യൂമാണ് ഉപയോഗിക്കുന്നത്? ഇതിന്റെ രഹസ്യമെന്താണ്?' എന്ന് മോഹന്‍ലാലും സുരേഷ്‌ഗോപിയും തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടെ പലരും ചോദിക്കാറുണ്ട്.
സ്വന്തമായി ഒരു പെര്‍ഫ്യൂം എന്ന ആഗ്രഹം വര്‍ഷങ്ങളായി മനസ്സില്‍ കിടക്കുകയായിരുന്നു. മകള്‍ ഉത്തരയുടെ വിവാഹത്തിനുശേഷം മകളും മരുമകനുമാണ് എന്‍റെ വളരെ നാളത്തെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ മുന്‍കൈയെടുത്തത്. തല്‍ക്കാലം ഒരു സാംപിള്‍ മാത്രമാണ് ആദ്യം തയ്യാറാക്കിയത്. അതിന്‍റെ ചിത്രമെടുത്ത് കഴിഞ്ഞ ഒക്ടോബറില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അത് കണ്ടിട്ട് ഒരുപാട് പേര്‍ വിളിച്ച് അന്വേഷിച്ചു.
'ഊര്‍മിളാ ഉണ്ണീസ് വശ്യഗന്ധി' എന്ന് നേരത്തെ തന്നെ പേരിട്ടുവെങ്കിലും തൈലം അതിന്‍റെ പൂര്‍ണതയില്‍ എത്താന്‍ മാസങ്ങള്‍ എടുത്തു. പ്രധാനമായും കോവിലകത്ത് അപ്പൂപ്പന്‍ തയ്യാറാക്കിയ തൈലത്തിനു തുല്യമായ മണം കിട്ടുക എന്നതായിരുന്നു. ചന്ദനതൈലത്തിന്‍റെയും സാമ്പ്രാണിയുടേയുമൊക്കെ മിക്സ് ആയിട്ടുള്ള മണമാണ് അത്. അതിനു വേണ്ടിതന്നെ ഒരു വിദഗ്ധനെ ചുമതലപ്പെടുത്തി. അറുപത് കുപ്പികള്‍ക്ക് മേലില്‍ നടന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പൂര്‍ണ്ണമായും വിജയത്തിലെത്തിയത്.
കോവിലകത്ത് ഉണ്ടാക്കിയിരുന്ന ആ കൂട്ടിന്‍റെ പേരാണ് വശ്യഗന്ധി. ആ മണം എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ് അതുകൊണ്ട് അതുമായി സാമ്യമുള്ള ഒരു പെര്‍ഫ്യൂം ഇറക്കണം എന്നായിരുന്നു എന്‍റെ ആഗ്രഹം. ആ പേരുതന്നെയാണ് താനും തുടരുന്നത്. ഒരുപാടു കാലത്തെ ആഗ്രഹം സഫലമാകുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. മലയാള സിനിമയില്‍ ഇതുവരെ ആരും ചെയ്യാത്ത കാര്യമാണ് സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കുക എന്നുള്ളത്. 100 മില്ലി തൈലം അടങ്ങിയ കുപ്പിയാണ് വിപണനത്തിന് തയ്യാറായിരിക്കുന്നത്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നതുകൊണ്ടുതന്നെയാണ് ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ മാത്രമേ പെര്‍ഫ്യും ലഭ്യമാക്കുകയുള്ളൂ എന്നതിനു കാരണം എന്നും ഊര്‍മ്മിളാ ഉണ്ണി പറയുന്നു.