08 July, 2016 12:07:50 AM
മത്തിയുടെ ക്ഷാമം: കഴിഞ്ഞ വര്‍ഷം കേരളത്തിനു നഷ്ടം 150 കോടി
കൊച്ചി : ജനകീയ മത്സ്യമായ മത്തിയുടെ ക്ഷാമം മൂലം കഴിഞ്ഞ വര്‍ഷം കേരളത്തിനു 150 കോടി രൂപയുടെ സാമ്ബത്തിക നഷ്ടമുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആര്‍ഐ) പഠന റിപ്പോര്‍ട്ട്. മത്തിയുടെ കുറവുമൂലം മത്സ്യമേഖലയില്‍ 28.2 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും മത്തി വിലയില്‍ 60 ശതമാനം വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.മത്തി ലഭ്യത കുറയുന്നതിന്റെ കാരണങ്ങളും സിഎംഎഫ്‌ആര്‍ഐ കണ്ടെത്തി: അനിയന്ത്രിത മത്സ്യബന്ധനം, മത്തിയുടെ പ്രജനന സമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുക്കല്‍ തുടങ്ങിയവയാണു കാരണങ്ങള്‍.
2010-2012 കാലയളവില്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മത്തി കുറയുന്നതിന് പ്രധാന കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്തെ മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വിളിച്ചുചേര്‍ത്ത, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്. മത്തിയുടെ ലഭ്യതയില്‍ ഈ വര്‍ഷം വര്‍ധനയ്ക്കു സാധ്യതയില്ലെന്നും സിഎംഎഫ്‌ആര്‍ഐയിലെ ഡോ. വി.കൃപയുടെ നേതൃത്വത്തില്‍ നടന്ന പഠനം കണ്ടെത്തിയിട്ടുണ്ട്.ചെറിയ മത്സ്യങ്ങളെ പിടിക്കുന്നതിലുള്ള നിരോധനം കൂടുതല്‍ ശക്തമാക്കണമെന്നും സിഎംഎഫ്‌ആര്‍ഐ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധന വലയുടെ നീളവും ആഴവും കുറയ്ക്കണമെന്നും കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ സഹായം മത്സ്യബന്ധന രീതി, ബോട്ട്, മത്സ്യബന്ധന ദൂരപരിധി, മത്സ്യകൃഷി, തീരദേശ പരിപാലനം, മത്സ്യസംസ്കരണം തുടങ്ങിയ മേഖലകളില്‍ തേടുമെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.