21 May, 2022 10:36:04 PM
കേരളവും ഇന്ധന നികുതി കുറയ്ക്കും - മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് സംസ്ഥാന സർക്കാർ കുറച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
'കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്' - മന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളും കുറയ്ക്കാൻ തയ്യാറാകണമെന്ന് നേരത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. ഇന്ധനത്തിന്‍റെ എക്സൈസ് തീരുവ കുറച്ച തീരുമാനം അറിയിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. 'എല്ലാ സംസ്ഥാന സർക്കാരുകളും, പ്രത്യേകിച്ചും നേരത്തെ തീരുവ കുറയക്കാതിരുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ നികുതി കുറച്ച് സാധാരണക്കാർക്ക് ആശ്വാസമേകണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുന്നതായും മന്ത്രി അറിയിച്ചു. ഈ വർഷം ഒരു സിലിണ്ടറിന് 200 രൂപ വരെ സബ്സിഡി ലഭ്യമാക്കും. ഒരു വർഷം 12 സിലിണ്ടറുകൾക്ക് സബ്സിഡി ലഭ്യമാകും. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ അംഗങ്ങളായ ഒമ്പത് കോടി ഉപയോക്താക്കൾക്ക് ഈ സബ്സിഡി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.