03 April, 2022 01:35:04 PM


മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി; ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത്



ന്യൂഡല്‍ഹി: 100 ബില്യന്‍ ക്ലബില്‍ ഇടം നേടി അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി വീണ്ടും ഇന്‍ഡ്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായി. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗ് ബില്യനയര്‍ സൂചിക പ്രകാരം, ഈ വര്‍ഷം അദ്ദേഹത്തിന്‍റെ ആസ്തി 23.5 ബില്യന്‍ ഡോളര്‍ വര്‍ധിച്ചു. ഈ വര്‍ഷം ലോകത്തില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയവരില്‍ ഒരാളാണ് ഗൗതം അദാനി.

മുകേഷ് അംബാനിയുടെ സമ്പത്തും 2021 ഒക്ടോബറില്‍ 100 ബില്യന്‍ ഡോളര്‍ കടന്നിരുന്നു, എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, അദ്ദേഹത്തിന്‍റെ സമ്പത്തില്‍ നേരിയ ഇടിവ് സംഭവിക്കുകയും അത് 99 ബില്യന്‍ ഡോളറിന് താഴെയായി കുറയുകയും ചെയ്തു.

അതേസമയം, ഇലോണ്‍ മസ്‌ക് 273 ബില്യന്‍ ഡോളറിന്‍റെ ആസ്തിയുമായി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സൂചിക പ്രകാരം, 188 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഫ്രഞ്ച് വ്യവസായിയും ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പന്ന കമ്പനിയുമായ എല്‍വിഎംഎച് മൊയ്റ്റ് ഹെന്നസിയുടെ ബെര്‍ണാഡ് അര്‍നോള്‍ട് (148 ബില്യന്‍ ഡോളര്‍) മൂന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റിന്‍റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (133 ബില്യന്‍ ഡോളര്‍) നാലാം സ്ഥാനത്തും തുടരുന്നു.

പ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റ് 127 ബില്യന്‍ ഡോളറിന്‍റെ ആസ്തിയുമായി അഞ്ചാം സ്ഥാനത്തും അമേരിക്കന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനും ഇന്റര്‍നെറ്റ് സംരംഭകനുമായ ലാറി പേജ് 125 ബില്യന്‍ ഡോളറിന്‍റെ ആസ്തിയുമായി ആറാം സ്ഥാനത്തുമാണ്. ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ (117 ബില്യന്‍ ഡോളര്‍) ഏഴാം സ്ഥാനത്തും അമേരിക്കന്‍ വ്യവസായിയും നിക്ഷേപകനുമായ സ്റ്റീവ് ബാല്‍മര്‍ (108 ബില്യന്‍ ഡോളര്‍) എട്ടാം സ്ഥാനത്തും ലാറി എല്ലിസണ്‍ (103 ബില്യന്‍ ഡോളര്‍) ഒമ്ബതാം സ്ഥാനത്തുമാണ്. ഫേസ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് 85.1 ബില്യണ്‍ ആസ്തിയുമായി 12-ാം സ്ഥാനത്താണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K