30 June, 2016 01:03:21 AM


എസ്ബിടി ലയനത്തിനെതിരെ യോജിച്ച പ്രമേയത്തിനു നിയമസഭയില്‍ ധാരണ



തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിനെതിരെ യോജിച്ച പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ നിയമസഭയില്‍ ധാരണ. മന്ത്രി തോമസ് ഐസക്കിന്റെ ഈ നിര്‍ദേശം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അംഗീകരിച്ചു. പ്രമേയം ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരും. എസ്ബിഐയില്‍ എസ്ബിടി ലയിപ്പിക്കുന്നതിനെതിരെ കെ. സുരേഷ് കുറുപ്പാണു നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്. ഇതിന് അനുകൂലമായി ഉയര്‍ത്തുന്ന വാദമുഖങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കുന്നതല്ലെന്നു മന്ത്രി ഐസക് മറുപടി നല്‍കി.


മലയാളികള്‍ക്കു വൈകാരികമായ അടുപ്പവും ചരിത്രപ്രാധാന്യവുമുള്ളതാണ് എസ്ബിടി. ഇത് എസ്ബിഐയില്‍ ലയിപ്പിക്കുന്നതു സാധാരണക്കാരെ ബാധിക്കും. ഭീമന്‍ ബാങ്കായി മാറുമ്ബോള്‍ ആ നിലയ്ക്കുള്ള താല്‍പര്യങ്ങളായിരിക്കും ഉണ്ടാകുക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ളതും സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്നതുമായ സ്ഥാപനമാണ് എസ്ബിടി. ലയനത്തോടെ വായ്പയുടെ സ്വഭാവം മാറുമെന്നും ഐസക് ചൂണ്ടിക്കാട്ടി. ഇതു സംസ്ഥാനത്തിന്റെ വികസനത്തെയും ബാധിക്കും. ബാങ്ക് ലയനത്തോടു കോണ്‍ഗ്രസിനും യുഡിഎഫിനും എതിര്‍പ്പാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K