28 February, 2022 07:19:40 PM
'റൂബിളി'ന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞു; റഷ്യക്കാർ കറൻസിക്കായി പരക്കം പായുന്നു
സെന്‍റ് പീറ്റേർസ് ബെർഗ്: റഷ്യക്കാരുടെ കറൻസിയായ റഷ്യൻ റൂബിളിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞു. യുക്രൈനെതിരെ യുദ്ധം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന നിലയിലല്ല റഷ്യൻ റൂബിളിന്‍റെ ഇപ്പോഴത്തെ അവസ്ഥ. കറൻസിക്കായി നെട്ടോട്ടമോടുകയാണ് ജനം. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും വിലക്കിയതോടെ പെരുവഴിയിൽ ആയിരിക്കുന്നത് റഷ്യയിലെ യുദ്ധത്തെ എതിർത്ത സാധാരണ ജനം കൂടിയാണ്.
റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ രാജ്യത്തെ ആണവ പ്രതിരോധ ഏജൻസികളോട് കരുതലോടെ ഇരിക്കാൻ ആവശ്യപ്പെട്ടതോടു കൂടി രാജ്യത്തെ നിക്ഷേപകർ എല്ലാം സുരക്ഷിത തീരങ്ങൾ തേടി യാത്രയായി. ഡോളറിലും യെന്നിലും ഒക്കെയാണ് ഇവർ ഇപ്പോൾ നിക്ഷേപം നടത്തുന്നത്. റഷ്യക്കെതിരെ കടുത്ത നിലപാട് എടുത്തിരിക്കുകയാണ് അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയവരെല്ലാം. അന്താരാഷ്ട്ര പെയ്മെന്‍റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്ന് റഷ്യയുടെ സെൻട്രൽ ബാങ്കിനെ വിലക്കിയതോടെ ഇവർക്ക് വിദേശനാണ്യ റിസർവ് ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.
റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ വ്യോമപാത ഉപയോഗിക്കുന്നതിലും വിലക്കുണ്ട്. റഷ്യൻ മാധ്യമങ്ങളുടെ അന്താരാഷ്ട്ര പ്രക്ഷേപണവും വിലക്കി. ഇതോടെയാണ് കറൻസിയുടെ മൂല്യവും താഴേക്ക് പോയത്. ഒരു ഡോളറിനെതിരെ 119 എന്ന നിലയിലാണ് ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ റഷ്യൻ റൂബിൾ ഉള്ളത്. റഷ്യൻ സെൻട്രൽ ബാങ്ക് പോലും റൂബിളിനെ കയ്യൊഴിഞ്ഞ നിലയാണ്. യൂറോയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഡോളർ ശക്തിയാർജിച്ചു. 1.11855 ലേക്ക് യൂറോക്ക് എതിരെ ഡോളറിന് മൂല്യം ഉയർന്നു. യുക്രൈനിലെ സ്ഥിതി വഷളാവുന്നതിനൊപ്പം അന്താരാഷ്ട്ര വിപണിയിലും കാര്യങ്ങൾ കൈവിടുകയാണ്. സ്ഥിതി റഷ്യയ്ക്കും ഒട്ടും അനുകൂലമല്ല.