31 January, 2022 05:51:46 PM
കമ്മീഷനും 'കാഷ് ഡിസ്‌ക്കൗണ്ടും' കുറയ്ക്കണം; ബിവറേജസ് വ്യവസ്ഥകള്‍ക്കെതിരെ മദ്യക്കമ്പനികള്‍

തിരുവനന്തപുരം: പുതിയ ടെണ്ടര്‍ വ്യവസ്ഥകള്‍ അനുസരിച്ചുള്ള വളരെ ഉയര്‍ന്ന തോതിലെ കമ്മീഷന്‍ കുറക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആള്‍ക്കഹോളിക് ബീവറേജ് കമ്പനീസ് (സിഐഎബിസി) കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട എല്ലാവര്‍ക്കും ഗുണകരമായ രീതിയിലുള്ള എക്‌സൈസ് നയം സൃഷ്ടിക്കാനായി ടെണ്ടര്‍ വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യണമെന്നും കോണ്‍ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
'പുതിയ ടെണ്ടര്‍ വ്യവസ്ഥകള്‍ പ്രകാരം ബ്രാന്‍ഡുകള്‍ 33 ശതമാനം വരെ കേരളാ സംസ്ഥാന ബീവറേജസ് കോര്‍പറേഷന് കമ്മീഷന്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്, 25 ശതമാനം വരെ കാഷ് ഡിസ്‌ക്കൗണ്ടും (സിഡി) എട്ടു ശതമാനം മൊത്ത വ്യാപാരി മാര്‍ജിനും അടക്കമാണിത്. മൊത്ത വ്യാപാരിക്ക് 33 ശതമാനം മാര്‍ജിന്‍ ന്യായമാണോ?' ഇന്ത്യന്‍ മദ്യ നിര്‍മാതാക്കളുടെ ഉന്നത തല സംഘടനയായ സിഐഎബിസി കേരള സംസ്ഥാന ബീവറേജസ് കോര്‍പറേഷന് അയച്ച കത്തില്‍ ചോദിച്ചു.
'അതിവേഗത്തിലുളള പണം നല്‍കലിനുള്ള ഇന്‍സെന്റീവ് എന്ന നിലയിലാണ് കാഷ് ഡിസ്‌ക്കൗണ്ട് അവതരിപ്പിച്ചത്. അതായത് ഈ തുക വേണ്ടെന്നു വെക്കുന്ന കമ്പനികള്‍ക്ക് ക്രമമനുസരിച്ചുള്ള സമയത്തിനു മുന്‍പായി ഉടന്‍ പണം നല്‍കും. എല്ലായിടത്തുമുള്ളതു പോലെ രണ്ടു ശതമാനം കാഷ് ഡിസ്‌ക്കൗണ്ടുമായാണ് കെഎസ്ബിസി ഇതിനു തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് ഒരു ന്യായീകരണവുമില്ലാതെ വിതരണക്കാരോടു ചര്‍ച്ച ചെയ്യാതെ 7.5 ശതമാനമായി ഉയര്‍ത്തി. അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ രണ്ടു മാസത്തേക്കു സൂക്ഷിക്കാനുള്ള ചെലവ് 1.5-2 ശതമാനമാണെന്നത് പരിഗണിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ 7.75 ശതമാനവുമായി തുടങ്ങുന്നത് വളരെ ഉയര്‍ന്ന നിലയാണ്'-കത്ത് ചൂണ്ടിക്കാട്ടുന്നു.
കെഎസ്ബിസി കാഷ് ഡിസ്‌ക്കൗണ്ട് ഈടാക്കുകയും സ്റ്റോക്ക് വിറ്റഴിച്ച ശേഷം മാത്രം പണം നല്‍കുകയും ചെയ്യുന്നതിലും സിഐഎബിസി ആശങ്ക പ്രകടിപ്പിച്ചു. 'ഏതാനും മാസങ്ങള്‍ക്കു ശേഷം സ്റ്റോക്ക് വിറ്റഴിച്ചു കഴിഞ്ഞു മാത്രം വിതരണക്കാര്‍ക്കു പണം നല്‍കുന്ന സാഹചര്യത്തില്‍ കാഷ് ഡിസ്‌ക്കൗണ്ട് ഈടാക്കുന്നതു ന്യായമാണോ? മൊത്ത വ്യാപാര സേവനങ്ങള്‍ക്കാണ് കാഷ് ഡിസ്‌ക്കൗണ്ട് നല്‍കുന്നതെങ്കില്‍ എട്ടു ശതമാനം മൊത്തവ്യാപാര കമ്മീഷന്‍ എന്തിനാണ്? കേരള സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ സിഐഎബിസി ചോദിച്ചു.
നിഷ്പക്ഷമായ മൊത്ത വ്യാപാരിയുടെ സേവനമാണ് കെഎസ്ബിസി നിര്‍വഹിക്കേണ്ടതെന്ന് സിഐഎബിസി ഡയറക്ടര്‍ ജനറല്‍ വിനോദ് ഗിരി ചൂണ്ടിക്കാട്ടി. '25 ശതമാനം സിഡി നല്‍കുകയാണെങ്കില്‍ ഒരു ഉല്‍പന്നത്തിന്റെ എല്ലാ സ്റ്റോക്കും വിറ്റഴിക്കാമെന്നു വാഗ്ദാനം നല്‍കുന്നതിലൂടെ കെഎസ്ബിസി ഏതാനും ഉല്‍പന്നങ്ങളെ മറ്റുള്ളവരുടെ ചെലവില്‍ പ്രോല്‍സാഹിപ്പിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കു താല്‍പര്യമുള്ള ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിച്ച് അറിയപ്പെടാത്ത ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയല്ലേ ചെയ്യുന്നത്? ഉയര്‍ന്ന സിഡി നല്‍കുന്ന അറിയപ്പെടാത്തതും പുതിയതുമായ ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ കെഎസ്ബിസി അറിയപ്പെടാത്ത ഗുണനിലവാരമുള്ളതും താഴ്ന്ന പ്രകടനമുള്ളതുമായ ഉല്‍പന്നങ്ങളെ സജീവമായി പ്രോല്‍സാഹിപ്പിക്കുക കൂടി ചെയ്ത് ചെറിയ കമ്മീഷന്‍ നേട്ടത്തിനായി ഉപഭോക്താക്കളുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയല്ലേ?' അദ്ദേഹം ചോദിച്ചു.
ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുകയും റീട്ടെയില്‍ ഷോപ്പുകളിലേക്കു മാറ്റുകയും ചെയ്യുന്ന മൊത്ത വ്യാപാര സേവനത്തിനായി കെഎസ്ബിസി എട്ടു ശതമാനം മൊത്ത വ്യാപാര മാര്‍ജിന്‍ ഈടാക്കുന്നു എന്നും ഇത് കാഷ് ഡിസ്‌ക്കൗണ്ടിനു പുറമേയാണെന്നും ഗിരി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉടമസ്ഥതയിലോ സ്വകാര്യ ഉടമസ്ഥതയിലോ ഉള്ള രാജ്യത്ത ഏറ്റവും ഉയര്‍ന്ന മൊത്തവ്യാപാര മാര്‍ജിനാണിത്.
കെഎസ്ബിസിയുടെ 2022-23 വര്‍ഷത്തേക്കുള്ള ടെണ്ടറില്‍ പ്രതിവര്‍ഷം 10,000 കെയ്‌സില്‍ കൂടുതല്‍ വില്‍പനയുളള എല്ലാ ബ്രാന്‍ഡുകളില്‍ നിന്നും 20 ശതമാനം സിഡി ഈടാക്കാന്‍ ഉദ്ദേശിക്കുന്നതായും ഗിരി ചൂണ്ടിക്കാട്ടി. 'വേഗത്തില്‍ ചെലവാകുന്ന ബ്രാന്‍ഡുകളുടെ സിഡി 7.75 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നു എന്നാണ് ഇതിനര്‍ത്ഥം. വേഗത്തില്‍ ചെലവാകുന്നതും സാവധാനത്തില്‍ ചെലവാകുന്നതുമായ ബ്രാന്‍ഡുകള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും ഇതിനര്‍ത്ഥമുണ്ട്. ഇത് കാഷ് ഡിസ്‌ക്കൗണ്ടിന്റെ രീതികള്‍ക്ക് എതിരാണ്. ഏതെങ്കിലും ബ്രാന്‍ഡ് 25 ശതമാനം കാഷ് ഡിസ്‌ക്കൗണ്ട് അംഗീകരിക്കുകയാണെങ്കില്‍ സ്റ്റോക്ക് മുഴുവന്‍ വില്‍ക്കപ്പെടുമെന്ന് കെഎസ്ബിസി ഉറപ്പാക്കുമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് ന്യായമല്ലെന്നു മാത്രമല്ല, ഉത്തരവാദിത്തപ്പെട്ട കെഎസ്ബിസി അതിന്റെ കുത്തക സ്ഥാനം പ്രയോജനപ്പെടുത്തുക കൂടിയാണ്.' ഗിരി കൂട്ടിച്ചേര്‍ത്തു.