22 June, 2016 10:52:10 AM
നികുതി വെട്ടിച്ചാല്‍ 'പാന്‍', സബ്സിഡി ഇവ തടയും, വായ്പ കിട്ടില്ല
ദില്ലി: ആദായ നികുതി അടക്കാന്‍ മടിക്കുന്നവരെയും നികുതിവെട്ടിപ്പു നടത്തുന്നവരെയും കുരുക്കാന്‍ ആദായനികുതി വകുപ്പ് കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. മന:പൂര്‍വം ആദായനികുതി അടക്കാത്തവരുടെ പാചകവാതക സബ്സിഡി റദ്ദാക്കാനും പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ ('പാന്‍') തടയാനും നടപടിയെടുക്കും. വേണ്ടിവന്നാല്‍ അറസ്റ്റും ചെയ്യും.
'പാന്‍' വിലക്കിയാല്‍ പൊതുമേഖലാ ബാങ്കില്‍നിന്ന് വായ്പയെടുക്കാനും കൂടിയ തുക നിക്ഷേപിക്കാനും കഴിയില്ല. തടഞ്ഞുവെച്ച 'പാന്‍' വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പിന് കൈമാറും. ഇതോടെ ഇവര്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുവരെ വിലക്കു വീഴും. തിരിച്ചറിയല്‍ രേഖയായും 'പാന്‍' ഉപയോഗിക്കുന്നുണ്ട്. നികുതി അടക്കാത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തുടനീളമുള്ള നികുതി ഓഫിസുകള്‍ക്ക് കൈമാറും. ഇതോടെ ഇവര്‍ക്ക് വായ്പകളും സബ്സിഡികളും ലഭ്യമല്ലാതാകും. നികുതി കുടിശ്ശികക്കാരുടെ വിവരം 'സിബില്‍' എന്ന ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡിലേക്ക് കൈമാറുകയാണ് മറ്റൊരു നടപടി.
വായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിവ സംബന്ധിച്ച വ്യക്തിഗത വിവരങ്ങള്‍ ബാങ്കുകള്‍ക്ക് ലഭ്യമാക്കുന്ന ഏജന്‍സിയാണ് 'സിബില്‍'. നികുതി അടക്കുന്നതില്‍ പിഴവുവരുത്തിയാല്‍ 'സിബല്‍' മുഖേന വിവരം കൈമാറി, ബാങ്കുവായ്പ കിട്ടാത്ത സ്ഥിതി ഉണ്ടാക്കാന്‍ കഴിയും. പാചകവാതക സബ്സ്ഡി ബാങ്കിലേക്ക് നേരിട്ടു നല്‍കുകയാണിപ്പോള്‍ ചെയ്യുന്നത്. യഥാസമയം നികുതി അടച്ചില്ലെങ്കില്‍ സബ്സിഡി റദ്ദാക്കണമെന്ന നിര്‍ദേശം ധനമന്ത്രാലയത്തിനു മുമ്പാകെയുണ്ട്.
നികുതി അടക്കുന്നതില്‍ വീഴ്ചവരുത്തുകയോ വെട്ടിപ്പു നടത്തുകയോ ചെയ്യുന്നവരെ അറസ്റ്റു ചെയ്യാനും ആസ്തി കണ്ടുകെട്ടി ലേലം ചെയ്യാനും ആദായനികുതി നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതിന് ടാക്സ് റിക്കവറി ഓഫിസറും വകുപ്പിനു കീഴിലുണ്ട്. ഈ സംവിധാനം വിപുലപ്പെടുത്തി നികുതി പിരിവ് ഫലപ്രദമാക്കാനാണ് മറ്റൊരു നിര്‍ദേശം. ഈ സാമ്പത്തികവര്‍ഷം തന്നെ നിയന്ത്രണം കൊണ്ടുവരാനാണ് നീക്കമെന്ന് ആദായനികുതി വകുപ്പ് തയാറാക്കിയ കര്‍മരേഖയില്‍ പറയുന്നു. നികുതി അടക്കുന്നത് ഗൗരവത്തോടെ കാണാത്തവരെ നിരീക്ഷിച്ച് നടപടിയെടുത്ത് ഖജനാവിലേക്കുള്ള വരുമാനം വര്‍ധിപ്പിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടിരുന്നു. അതിന്‍െറ തുടര്‍നടപടികളാണ് പുരോഗമിക്കുന്നത്.
വീഴ്ച വരുത്തുന്ന വന്‍കിടക്കാരെയും കമ്പനികളെയുമാണ് പ്രധാന ഉന്നമാക്കുന്നതെങ്കിലും, സാധാരണ നികുതിദായകനും ഈ വ്യവസ്ഥകള്‍ ബാധകമാക്കിയെന്നു വരും. 20 കോടി രൂപയിലധികം നികുതിവെട്ടിപ്പ് നടത്തിയവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ദേശീയ ദിനപത്രങ്ങളിലും ഒൗദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തുന്ന 'നെയിം ആന്‍ഡ് ഷെയിം' പരിപാടിക്ക് ആദായനികുതിവകുപ്പ് കഴിഞ്ഞവര്‍ഷം തുടക്കമിട്ടിരുന്നു. ഇതുവരെ 67 പേരുടെ വിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തിയത്. ഒരു കോടി രൂപക്കുമുകളില്‍ നികുതി കുടിശ്ശിക വരുത്തിയ എല്ലാ വിഭാഗക്കാരുടെയും വിവരം ഈ സാമ്പത്തികവര്‍ഷം മുതല്‍ പരസ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
നികുതിവെട്ടിപ്പ് ആദായനികുതി വകുപ്പിനുണ്ടാക്കുന്ന തലവേദനയില്‍നിന്ന് തലയൂരാനാണ് നിയന്ത്രണമെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു. വിവിധയിനങ്ങളില്‍ 62,233 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ഇത് ആശങ്കജനകമായ സാഹചര്യമാണെന്ന് വകുപ്പ് വിലയിരുത്തുന്നു. 2016-17ല്‍ ആദായനികുതിയിനത്തില്‍ 8.47 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതില്‍ പകുതിയും മുംബൈ, ഡല്‍ഹി സര്‍ക്കിളില്‍നിന്നാണ്.