24 November, 2021 12:11:26 PM


അമ്പത് രൂപയ്ക്ക് അഞ്ച് ലക്ഷത്തിന്‍റെ ഇന്‍ഷ്വറന്‍സ് പോളിസി; അക്ഷയ സെന്‍ററുകളില്‍ തിരക്ക്



കോട്ടയം: അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമാണ് അമ്പത് രൂപയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പോളിസി. ഏറ്റവും അടുത്തുള്ള അക്ഷയ സെന്‍റുകളില്‍ എത്തി അമ്പത് രൂപ മുടക്കിയാല്‍ പോളിസി എടുക്കാമെന്നാണ് സന്ദേശം. ഇത് കേട്ട് ആയിരക്കണക്കിന് ആളുകളാണ് വിവിധ അക്ഷയകേന്ദ്രങ്ങളിലെത്തി വഞ്ചിതരായി മടങ്ങുന്നത്. ഇത്തരമൊരു പദ്ധതി ഇതുവരെ നിലവില്‍ ഇല്ലെന്നും വ്യാജപ്രചരണത്തില്‍ ധാരാളം ആളുകളാണ് ദിനംപ്രതി രജിസ്ട്രേഷനായി എത്തുന്നതെന്നും അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി ലഭിക്കും എന്നതാണ് വീഡിയോ ആയിട്ടും അല്ലാതെയും പ്രചരിക്കുന്ന സന്ദേശം. സന്ദേശത്തില്‍ പറയുന്നതിങ്ങനെ...

"സ്റ്റാര്‍ ഹെല്‍ത്ത് പോലുള്ള കമ്പനികളില്‍നിന്ന് 25000 രൂപ കൊടുത്ത് വാങ്ങുന്ന പോളിസി അക്ഷയ കേന്ദ്രങ്ങളില്‍ അവരുടെ സര്‍വ്വീസ് ചാര്‍ജായ അമ്പത് രൂപാ മാത്രം നല്‍കിയാല്‍ ഇപ്പോള്‍ സൗജന്യമായി ലഭിക്കും. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പോളിസി ഡോക്യുമെന്‍റ്  കാര്‍ഡ് രൂപത്തിലാണ് ലഭിക്കുക. ഇതിനായി റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ചെല്ലണം. ഈ ഫോണ്‍ നമ്പരിലേക്കാണ് ഓടിപി വരിക. റേഷന്‍കാര്‍ഡിലുള്ള എല്ലാ അംഗങ്ങള്‍ക്കും ചികിത്സാ സൗജന്യം ലഭിക്കും. ഓരോ കാര്‍ഡിനും അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കും."

എല്ലാ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലും പേപ്പര്‍ലെസ് ആയി ചികിത്സ സൗജന്യമായി ലഭിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നു. ഈ ഒന്നാം തീയതി ആരംഭിച്ച രജിസ്ട്രേഷന്‍ ഒരു മാസം കൊണ്ട് അവസാനിക്കും എന്നാണ് സന്ദേശത്തില്‍. ഇതോടെ അക്ഷയ സെന്‍ററുകളിലേക്ക് ആളുകളുടെ പ്രവാഹമായി. പക്ഷെ ഇങ്ങനെയൊരു പദ്ധതിയെകുറിച്ച് ഞങ്ങള്‍ക്കറിവില്ല എന്ന് അക്ഷയ അധികൃതര്‍ പറഞ്ഞുതുടങ്ങിയതോടെ പലയിടത്തും തര്‍ക്കങ്ങള്‍ക്കും മറ്റും ഇടവന്നിട്ടുമുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K