21 November, 2021 04:35:02 PM
സംസ്ഥാനത്ത് സെഞ്ച്വറിയടിച്ച് തക്കാളി; മഴയിൽ ഗുണനിലവാരവും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് തക്കാളിയുടെ വില നൂറ് കടന്നു. ചില്ലറ വിപണിയില്‍ ഒന്നാംതരം തക്കാളിക്ക് 98-100 രൂപയാണ് വില. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ തക്കാളിയുടെ വില നൂറ് കടന്നു. നവംബര്‍ മാസത്തില്‍ പെയ്ത അപ്രതീക്ഷിത മഴയാണ് തക്കാളിയുടെ വില ഉയരാന്‍ കാരണമെന്നാണ് കര്‍ഷകരും വില്‍പനക്കാരും പറയുന്നത്.
രണ്ടാം തരം തക്കാളിക്ക് കിലോക്ക് 80 രൂപ മുതലാണ് വില. തമിഴ്‌നാട്, കര്‍ണാടക എന്നിവയാണ് തക്കാളി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍. മഴ കാരണം തക്കാളിയുടെ ഗുണനിലവാരവും കുറഞ്ഞു. കര്‍ണാടകയില്‍ ഇത്തവണ മികച്ച വിളവ് പ്രതീക്ഷിച്ച തുംകൂരു, തുപ്കൂര്‍, ചിക്കബെല്ലാപുര്‍ തുടങ്ങിയ സ്ഥലങ്ങളിലും മഴ കനത്ത നാശമുണ്ടാക്കി. വിള നശിച്ചതോടെ കര്‍ഷകരും ദുരിതത്തിലാണ്.
സംസ്ഥാനത്തും മഴ കനത്തതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തിലും ഇടിവ് നേരിട്ടു. വലിയ ഉള്ളിയുടെ വിലയും 50 രൂപ കടന്നിട്ടുണ്ട്. മൂന്ന് മാസം മുമ്പ് 26-30 രൂപയായിരുന്ന വലിയ ഉളളി ഇപ്പോള്‍ 50-60 രൂപയാണ് ചില്ലറ വിപണിയില്‍ ഈടാക്കുന്നത്. പാചക എണ്ണയുടെ വിലയും ഉയര്‍ന്നു.