10 November, 2021 04:31:36 PM


ചരിത്രത്തില്‍ ഇടം നേടി നാസ്ഡാക്കില്‍ മലയാളി നിക്ഷേപകന്റെ സ്പാക് ലിസ്റ്റിംഗ്



തിരുവനന്തപുരം: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നിക്ഷേപകന്‍  സാജന്‍ പിള്ളയുടെ സംരംഭമായ മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍ 1500 കോടി രൂപയുടെ നാസ്ഡാക് ഐപിഒ ക്ലോസ് ചെയ്തു. നാസ്ഡാക് ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മലയാളി നിക്ഷേപകന്‍റെ സ്പാക്(SPAC) ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇത് നാസ്ഡാകിൽ രണ്ടാമത്തെ ഇന്ത്യൻ സ്പാക് ലിസ്റ്റിംഗ് കൂടിയാണ്. ഇന്ത്യയിൽ നിന്നുള്ള ബാങ്കിംഗ്, ഇൻഷുറൻസ് ടെക്‌നോളജി കേന്ദ്രീകരിച്ചുള്ള ആദ്യത്തെ സ്പാക് കൂടിയാണിത്.

മെര്‍ജറുകള്‍, കാപിറ്റല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, അസറ്റ് ഏറ്റെടുക്കൽ, സ്റ്റോക്ക് വാങ്ങൽ, അല്ലെങ്കിൽ സമാനമായ ബിസിനസ് കോമ്പിനേഷൻ എന്നിവ ലക്ഷ്യമാക്കിയുള്ള ഒരു 'ബ്ലാങ്ക് ചെക്ക് കമ്പനി' ആണ് മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍. ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മേഖലയിലെ ആഗോള മുനിരക്കാരില്‍ ഒരാളായ സാജന്‍ പിള്ളയുടെ നിക്ഷേപ സംരംഭമായ മക് ലാരന്‍ സ്ട്രാറ്റെജിക് വെഞ്ച്വേഴ്‌സ് ഇതിനകം തന്നെ ഇന്ത്യയില്‍ നിര്‍ണ്ണായകമായ പല നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും നടത്തിയിട്ടുണ്ട്.

നവംബര്‍ 3-ന് "എംഎല്‍എഐയു" എന്ന ടിക്കര്‍ ചിഹ്നത്തിന് കീഴില്‍ വ്യാപാരം ആരംഭിച്ച ഈ ഐപിഒ-യ്ക്ക് കിട്ടിയ ആവേശകരമായ വിപണി പ്രതികരണം ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജെന്‍സ്/ മെഷീന്‍ ലേർണിംഗ് അധിഷ്ഠിത സാങ്കേതിക സേവനം നല്‍കുന്ന ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകളെയും വളര്‍ച്ചാ ദിശയില്‍ ഉള്ള കമ്പനികളെയും ഏറ്റെടുക്കുന്നതിന് പിന്‍ബലമാകും. ബഹുരാഷ്ട്ര ഐടി കമ്പനിയായ യുഎസ്ടി -യുടെ സിഇഒ ആയി രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ച സാജന്‍ പിള്ളയുടെ ഈ ഉദ്യമവും പ്രാഥമികമായി ഫിൻടെക്  വിഭാഗത്തിൽ വരുന്ന ഇന്ത്യന്‍  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും.

"ഇന്ത്യയില്‍ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഫിൻടെക് വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജെന്‍സും മെഷീന്‍ ലേര്‍ണിഗും അധിഷ്ഠിതമായ നൂതന ആശയങ്ങളുമായ് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉദയം ചെയ്തിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ കമ്പനികള്‍ക്ക് ആഗോള വിപണിയിലേക്ക് എളുപ്പത്തില്‍ ചുവടു വയ്ക്കാനുള്ള അവസരമാണ് ഞങ്ങള്‍ ഒരുക്കുന്നത്. മക് ലാരന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും അന്തര്‍ദേശീയ തലത്തില്‍ ഐടി/സോഫ്റ്റ്‌വെയര്‍ മേഖലയിലെ സ്ഥാപനങ്ങളെ നയിക്കുന്നതിൽ പ്രവര്‍ത്തിപരിചയം ഉള്ള മലയാളികളാണ്. ആദ്യമായി മലയാളികള്‍ അണിനിരക്കുന്ന ഒരു സംരംഭം നാസ്ഡാകില്‍ ലിസ്റ്റ് ചെയ്യാന്‍ ആയതില്‍ അഭിമാനമുണ്ട്. അതിന്‍റെ പ്രയോജനങ്ങള്‍ ഇന്ത്യയിലുള്ള യുവ സംരംഭകരിലേക്ക് കൂടി എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം" മക് ലാരന്‍റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സാജൻ പിള്ള പറഞ്ഞു.

രാജീവ് നായരും മുരളി ഗോപാലനും യഥാക്രമം മക് ലാരന്‍ ടെക്നോളജി അക്വിസിഷൻ കോർപ്പറേഷന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K