09 November, 2021 04:29:02 PM


പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ / ബിസിനസ് വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം



പാലക്കാട്: ഒ.ബ.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ റീ-ടേണ്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കാര്‍ഷിക / ഉല്പാദന / സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ.  പ്രായപരിധി 65 വയസ്.  

ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്വെയര്‍ ഷോപ്പ്, ഫര്‍ണീച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്നെസ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്ളോര്‍ മില്‍, ഡ്രൈക്ളീനിംഗ് സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി/സ്റ്റേഷനറി സ്റ്റോള്‍, മില്‍മാ ബൂത്ത്, പഴം/ പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ്, ടൂറിസം സംരംഭങ്ങള്‍ തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കാനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയായി അനുവദിക്കും.  ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.  വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.

പദ്ധതി പ്രകാരം വായ്പ എടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ നാല് വര്‍ഷം 3% പലിശ സബ്സിഡിയും നോര്‍ക്കാ റൂട്ട്സ് അനുവദിക്കും. ഇതിനുപുറമേ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടയ്ക്കുന്ന പലിശയുടെ 5% ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി അനുവദിക്കും.  ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത് വഴി പലിശ സഹിതം മൊത്തം തിരിച്ചടവ് തുക വായ്പ തുകയേക്കാള്‍ കുറവായിരിക്കും.
 
നോര്‍ക്കാ റൂട്ട്സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി www.norkaroots.net  ല്‍ NDPREM - Rehabiliation Scheme for Return NRKs ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാ റൂട്ട്സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളെ സമീപിക്കാമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K