18 September, 2021 04:57:17 PM


തമിഴ്നാടും കേരളവും എതിർത്തു; വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് തൽക്കാലം വർധിപ്പിക്കില്ല



ന്യൂഡല്‍ഹി: ലക്നൗവിൽ നടന്ന 45-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ വെളിച്ചെണ്ണയുടെ നികുതി നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച ചർച്ചകള്‍ നടന്നു. സൗന്ദര്യ വർധക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 18 ശതമാനം നിരക്കിലും പാചക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 5 ശതമാനം നിരക്കിലും നികുതിവിധേയമാക്കണം എന്ന നിർദേശമാണ് ഫിറ്റ്മെന്റ്‌ കമ്മിറ്റി കൗൺസിലിന് മുമ്പിൽ വെച്ചത്.

എന്നാൽ ഈ വേർതിരിവ് വെളിച്ചെണ്ണയുടെ കാര്യത്തിൽ പ്രായോഗികമല്ല എന്നും അതിനാൽ ഒരു ലിറ്ററിൽ കൂടുതൽ ഉള്ള പായ്‌ക്കുകളിൽ വരുന്ന വെളിച്ചെണ്ണ സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്നതായതുകൊണ്ടു അതിനു 5 ശതമാനം നിരക്കിലും ഒരു ലിറ്ററിൽ താഴെയുള്ള പായ്‌ക്കുകളിൽ വിൽക്കുന്നവ 18 ശതമാനം നിരക്കിലും നികുതിവിധേയമാക്കാം എന്നും ഫിറ്റ്മെന്റ് കമ്മിറ്റി നിർദേശിച്ചു. എന്നാൽ കേരളവും തമിഴ്നാടും ഈ നിർദേശത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശക്തമായി എതിർത്തു.

ഒരു ലിറ്ററിൽ താഴെയുള്ള പായ്ക്കുകളിൽ പാചകത്തിനായി വെളിച്ചെണ്ണ വാങ്ങുന്നവർക്ക് ഇതു അധികഭാരം ഉണ്ടാക്കുമെന്നും ഇത്തരം വിലവർധന ക്രമേണ നാളീകേര കർഷകരെയും ബാധിക്കുമെന്ന വാദവും ഇരു സംസ്ഥാനങ്ങളും കൗൺസിലിൽ ഉന്നയിച്ചു. മറ്റു പല എണ്ണകളും സൗന്ദര്യവർധനവ്‌, പാചകം എന്ന രണ്ടുപയോഗത്തിനും വെളിച്ചെണ്ണ പോലെ തന്നെ ഉപയോഗിക്കപ്പെടുമ്പോൾ കേരളത്തിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും കൂടുതലായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ നികുതി മാത്രം ഉയർത്തുന്നത് വിവേചനപരമാണെന്ന വിമർശനവും ഉയർന്നു. തുടർന്ന് വെളിച്ചെണ്ണയുടെ നികുതി നിരക്കിനെക്കുറിച്ചു വിശദമായ പഠനം നടത്തിയതിനു ശേഷം മാത്രമേ ഇനി ചർച്ച ഉണ്ടാവുകയുള്ളൂ എന്ന് ജിഎസ്ടി കൗൺസിൽ തീരുമാനമെടുത്തു.

പെട്രോളിനെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുമോ എന്നതടക്കം നിരവധി വിഷയങ്ങൾ വെള്ളിയാഴ്ച ചർച്ചയ്ക്ക് വന്നിരുന്നു. വില കൂടിയ ജീവൻ രക്ഷാ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. കേരള ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം യോഗം ചർച്ച ചെയ്തതായി ധനമന്ത്രി പരാമർശിച്ചു.

ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് നൽകാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ 31 വരെ ആംഫോട്ടറിസിൻ ബി, ടോസിലിസുമാബ് എന്നിവയ്ക്ക് ജിഎസ്ടി ഇല്ല. കോവിഡ് -19 അനുബന്ധ മരുന്നുകളുടെ ജിഎസ്ടി നിരക്കുകളിലെ ഇളവുകളും സെപ്റ്റംബർ 31 മുതൽ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ, മെഡിക്കൽ ഉപകരണങ്ങൾക്ക് അധിക ഇളവ് ഉണ്ടാകില്ല. ഏഴ് മരുന്നുകളുടെ ജിഎസ്ടി ഡിസംബർ 31 വരെ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനുള്ള നിർദ്ദേശവും ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. ഇറ്റോലിസുമാബ്, പോസകോണസോൾ, ഇൻഫ്ലിക്സിമാബ്, ബാംലാനിവിമാബ്, എറ്റെസെവിമാബ്, കസിരിവിമാബ്, ഇംഡെവിമാബ്, 2-ഡിയോക്സി-ഡി -ഗ്ലൂക്കോസ്, ഫാവിപിരവീർ എന്നിവയാണ് ഇളവ് ലഭിക്കുന്ന മരുന്നുകൾ.

പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ജിഎസ്ടി കൗൺസിൽ വെള്ളിയാഴ്ച ചർച്ച ചെയ്തു. പെട്രോൾ, ഡീസൽ എന്നിവ കുതിച്ചുയരുന്നത് പരിഗണിച്ച് ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് കേരള ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. 45 -ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ പല സംസ്ഥാനങ്ങളും എതിർത്തതായി ധനമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K