14 September, 2021 08:58:12 PM


ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് ഐടി കമ്പനികള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു



കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് കമ്പനികള്‍ കൂടി പുതുതായി പ്രവര്‍ത്തനം ആരംഭിച്ചു. യുഎസിലെ ന്യൂജേഴ്‌സി ആസ്ഥാനമായ പ്രൊട്ടക്റ്റഡ് ഹാര്‍ബര്‍, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പുതിയ കമ്പനി എംവൈഎം ഇന്‍ഫോടെക്ക്, നെറ്റ്‌വര്‍ത്ത് സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് എന്നിവരാണ് പുതുതായി എത്തിയത്. പ്രൊട്ടക്റ്റഡ് ഹാര്‍ബറിന്റെ ഇന്ത്യയിലെ ആദ്യ കേന്ദ്രമാണ് സൈബര്‍ പാര്‍ക്കിലേത്.

ഐടി സപോര്‍ട്ട് ആന്റ് സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഉപഭോക്താക്കള്‍ യുഎസ് സ്ഥാപനങ്ങളാണ്. ഫാസിസ് വി.പി ആണ് ഇന്ത്യാ ഡയറക്ടര്‍. സോഫ്റ്റ്‌വെയര്‍ കമ്പനിയായ എംവൈഎം ഇന്‍ഫോടെക്കിന്റെ ഉപഭോക്താക്കള്‍ ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ്. മുബഷിര്‍ പി ആണ് സിഇഒ. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് അടിസ്ഥാനമാക്കിയുള്ള ഫിന്‍ടെക് സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് നെറ്റ്‌വര്‍ത്ത്. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു.

കോവിഡ് കാലത്ത് മാത്രം 30 കമ്പനികളാണ് സൈബര്‍ പാര്‍ക്കില്‍ ഇതുവരെ പുതുതായി പ്രവര്‍ത്തനം തുടങ്ങിയത്. കൂടാതെ ചെറിയ കമ്പനികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ 31 സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളുന്ന 42,744 ചതുരശ്ര അടി ഓഫീസ് ഇടം കൂടി പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇവിടെ ഫര്‍ണിചര്‍ അടക്കം എല്ലാം സജ്ജീകരിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K