21 August, 2021 10:11:40 AM
സംസ്ഥാനത്ത് ബാറുകളും ബെവ്‌കോ ഔട്ട്‌ലറ്റുകളും ഇന്ന് തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബെവ്‌കൊ ഔട്ട്‌ലറ്റുകളും ബാറുകളും തുറക്കില്ല. ബെവ്‌കൊ ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടതില്ല എന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ അടഞ്ഞു കിടക്കുന്നതോടെ ബാറുകളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ് ബാറുകളും തുറക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഓണം പ്രമാണിച്ച് മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് മണി വരെ തുറക്കാമെന്നായിരുന്നു ഉത്തരവ്. സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോ എംഡി എക്‌സൈസ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ 20,224 പേര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍. വിവിധ ജില്ലകളിലായി 1.71 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.