30 July, 2021 04:28:51 PM
വാട്സ്ആപ്പിന് പകരക്കാരൻ: ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷൻ 'സന്ദേശ്' കേന്ദ്ര സർക്കാർ പുറത്തിറക്കി
ന്യൂഡൽഹി: വാട്സ്ആപ്പിന് ബദലായി മേസേജിങ് ആപ്ലിക്കേഷൻ 'സന്ദേശ്' കേന്ദ്ര സർക്കാർ പുറത്തിറക്കി. കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിന് ബദലായി 'കൂ' ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനും ഒരു സ്വദേശി പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്സ്ആപ്പിന് ഒരു ബദൽ ഇറക്കുമെന്ന് കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ സന്ദേശ് ആപ്പ് ഉപയോഗിക്കാനാകും. മറ്റ് ചാറ്റിങ് അപ്ലിക്കേഷനുകളെ പോലെ വോയിസ് സന്ദേശങ്ങളും ഡാറ്റ സന്ദേശങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്സ്ആപ്പിലുള്ളത് പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ പിന്തുണയും സന്ദേശിലുണ്ട്. ആപ്പിന് വേണ്ട സർവറും ഇന്ത്യക്കുള്ളിൽ തന്നെയായിരിക്കും. അതിലെ വിവരങ്ങൾ സർക്കാരിെൻറ കീഴിലുള്ള ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലായിരിക്കും സൂക്ഷിക്കുക.
ഡാറ്റാ സെൻററുകൾ ആക്സസ് ചെയ്യാനും അധികൃതർക്ക് മാത്രമായിരിക്കും സാധിക്കുക. സന്ദേശിെൻറ ആൻഡ്രോയഡ് വകഭേദം ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് (android 4.4.4 version) മുതലുള്ള ഫോണുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. അതുപോലെ ഐഒഎസ് 11 മുതലുള്ള ഐഫോണുകളിൽ മാത്രമായിരിക്കും സന്ദേശ് ആപ്പ് ഉപയോഗിക്കാനാവുക.