07 June, 2016 01:00:40 PM
റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്ക് മാറ്റമില്ല
മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ അവലോകന നയം പ്രഖ്യാപിച്ചു. റിപ്പോ റേറ്റ് 6.50 ശതമാനമായും കരുതല്‍ ധനാനുപാത നിരക്ക് നാല് ശതമാനമായും തുടരും. ഇതോടെ ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമായി.
സാമ്പത്തിക നയം അനുകൂലമായാണ് നില്‍ക്കുന്നതെന്ന് 2016- 17 സാമ്പത്തിക വര്‍ഷത്തെ രണ്ടാം ദ്വിമാസ നയം വ്യക്തമാക്കി ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയത്. ഉയര്‍ന്നുവരുന്ന അസംസ്കൃത എണ്ണവിലയും ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കുന്നതും നാണ്യ പെരുപ്പത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിക്ക് അനഭിമതനായ രാജന്‍ തുടരുമോ എന്നതിലും നയപ്രഖ്യാപന വേളയില്‍ ചോദ്യമുയര്‍ന്നു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും താനും ധനമന്ത്രിയുമായി വൈകാതെ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അതിനു ശേഷം നിലപാട് അറിയിക്കാമെന്നും രാജന്‍ വ്യക്തമാക്കി. തന്‍റെ പദവി സംബന്ധിച്ച ചര്‍ച്ചകളിലൂടെ നയപ്രഖ്യാപനത്തിന്‍റെ രസം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മറുപടി നല്‍കി.
രാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് രാജനും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായി മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കാലാവധി തീരുംമുന്‍പ് സര്‍ക്കാര്‍ രാജനെ നീക്കിയാല്‍ അദ്ദേഹം നടത്തുന്ന അവസാന അവലോകന യോഗമായിരിക്കും ഇത്.