06 June, 2016 11:21:11 AM
ഫോക്സ് വാഗന്‍ 1.9 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കും
ദില്ലി: വാഹന വായു മലിനീകരണം നിര്‍ണയിക്കുന്ന സോഫ്റ്റ്വെയറിന്റെ പരിശോധനയ്ക്കായി ഫോക്സ് വാഗന്‍ 1.9 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുന്നു. അടുത്ത മാസം മുതലാണ് നടപടി. കമ്പനി സ്വമേധയാ നടത്തുന്ന നടപടിയാണ് തിരിച്ചുവിളിക്കലെന്ന് ഫോക്സ് വാഗന്‍ മാര്‍ക്കറ്റിങ് വിഭാഗം തലവന്‍ കമല്‍ ബസു പറഞ്ഞു. ഇത്രയും കാറുകളുടെ പരിശോധനയ്ക്ക് 10 മാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെയാകും തിരികെ വിളിച്ചുള്ള പരിശോധനകള്‍.
യുഎസില്‍ ഫോക്സ് വാഗന്‍ കാറുകളിലെ എമിഷന്‍ സോഫ്റ്റ്വെയറില്‍ കൃത്രിമം നടത്തിയതായി തെളിയുകയും ലക്ഷക്കണക്കിന് വാഹനങ്ങള്‍ കമ്പനിക്കു തിരിച്ചു വിളിച്ചു പരിശോധിക്കേണ്ടി വരികയും ചെയ്തു. മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ കര്‍ശനമായ അമേരിക്കയിലും യൂറോപ്പിലും ഫോക്സ് വാഗന്‍ നിയമനടപടികളും നേരിടുകയാണ്.
മറ്റ് ആഗോള വിപണികളില്‍ നടത്തിയ പരിശോധനകള്‍ അധികൃതരുടെ നിര്‍ദേശം ഒന്നും തന്നെ ഇല്ലാതെതന്നെ ഇന്ത്യയിലും നടത്തുകയാണ് ഫോക്സ് വാഗനെന്ന് ബസു പറയുന്നു. അടുത്ത മാസം മുതല്‍ വാഹന ഉടമകള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കും. സ്വമേധയാ നടത്തുന്ന പരിശോധനയാണെന്ന ബോധവല്‍ക്കരണംകൂടി കമ്പനി നടത്തുന്നുണ്ട്. നിലവില്‍ ഭാരത് സ്റ്റേജ്-നാല് നിലവാരമുള്ളതാണ് ഫോക്സ് വാഗന്‍ കാറുകള്‍.
യുഎസിലും യൂറോപ്പിലും തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലുമായി ഒരു കോടിയിലേറെ ഡീസല്‍ കാറുകളില്‍ മലിനീകരണ തോത് കുറച്ചു കാട്ടുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിരുന്നതായി ഫോക്സ് വാഗന്‍ സമ്മതിച്ചിരുന്നു. രാജ്യാന്തരതലത്തില്‍ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിനു ശേഷം ഇന്ത്യയില്‍ ഫോക്സ് വാഗന്‍ കാറുകളുടെ വില്‍പനയില്‍ ഇടിവുണ്ടാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ അവസ്ഥ മാറിയെന്നും വില്‍പന പഴയമട്ടില്‍ മികച്ച നിലയിലാണെന്നും കമല്‍ ബസു പറഞ്ഞു.