07 June, 2021 09:41:06 AM
സെഞ്ചുറി അടിച്ച് പെട്രോൾ വില: പാറശാലയില്‍ ലിറ്ററിന് 101.14 രൂപ; വയനാട്ടിൽ 100.24 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില നൂറു കടന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് പ്രീമിയം പെട്രോൾ ലിറ്ററിന് നൂറു രൂപ കടന്നത്. തിരുവനന്തപുരം വെളളയമ്പലത്ത് 100 രൂപ 20 പൈസയും പാറശ്ശാലയിൽ 101 രൂപ 14 പൈസയുമാണ് പ്രീമിയം പെട്രോൾ വില. സുൽത്താൻബത്തേരിയിൽ 100രൂപ 24പൈസയായി.
സംസ്ഥാനത്ത് . പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഇന്ധന വില ഈ വര്‍ഷം മാത്രം 45 തവണയാണ് കൂട്ടിയത്.
പുതുക്കിയ വിലയോടെ തിരുവന്തപുരത്ത് 97.29 രൂപയാണ് പെട്രോളിന്. ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 45 തവണ ഇന്ധന വില വർധിപ്പിച്ചപ്പോൾ വില കുറച്ചത് വെറും നാല് തവണ മാത്രമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധന.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടിയിരുന്നു. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്. രാജസ്ഥാനിലാണ് ആദ്യമായി പെട്രോൾ വില 100 കടന്നത്. പിന്നീട് മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കെടുത്താല്‍ ക്രൂഡ് ഓയില്‍ വില 13 ശതമാനം കുറഞ്ഞു. എന്നാല്‍ അതേസമയം തന്നെ ഇന്ധനവില 13 ശതമാനം വര്‍ധിച്ചു. 2020 മെയ് അഞ്ചിന് ക്രൂഡ് ഓയില്‍ വില ചുരുങ്ങി 14 രൂപയായി. എന്നാല്‍ അന്ന് റീട്ടെയില്‍ വില കുറയ്ക്കേണ്ടതിന് പകരം കേന്ദ്രം ഓരോ ലിറ്ററിനും പത്ത് രൂപ വീതം ടാക്സ് വര്‍ധിപ്പിച്ചു. എക്കാലത്തെയും റെക്കോഡായി 48 ശതമാനം ടാക്സാണ് കേന്ദ്രം പിരിച്ചെടുത്തത്.
എണ്ണക്കമ്പനികളും ക്രൂഡ് ഓയില്‍ വിലയുമാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും അടിസ്ഥാന വിലയ്ക്കുമേല്‍ വീണ്ടും വീണ്ടും ടാക്സ് ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. വില കുറഞ്ഞ സമയത്ത് പലപ്പോഴായി കൂട്ടിയ നികുതിപ്പണം കുറയ്ക്കാനും തയാറാവുന്നില്ല.
എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.