02 June, 2021 05:34:35 PM


പെട്രോൾ തീരുവ: '63 രൂപ കേന്ദ്രത്തിന്; 6 വർഷത്തിനിടെ കേന്ദ്ര നികുതി 307% കൂട്ടി' - മുഖ്യമന്ത്രി



തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡോയില്‍ വില താഴുമ്പോള്‍ അതിന്‍റെ നേട്ടം രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉയര്‍ത്തിയ അവകാശവാദത്തിന് വസ്തുതകളുടെ പിന്‍ബലമില്ലാതായിരിക്കുകയാണ്.


അന്താരാഷ്ട്ര കമ്പോളത്തില്‍ വില താഴുമ്പോള്‍ അതിനുസൃതമായി എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയും പലപ്പോഴും ഉയര്‍ത്തുകയും ചെയ്യുന്നതുകൊണ്ടാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയിൽ സി എച്ച് കുഞ്ഞമ്പുവിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വര്‍ദ്ധിച്ചതായി കാണാം. 2021 ല്‍ ഇതിനകം പെട്രോള്‍-ഡീസല്‍ വില 19 തവണ വര്‍ദ്ധിക്കുന്ന സ്ഥിതിയുമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയില്‍ നാലിനങ്ങളുണ്ട്. അവ ബേസിക് എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തല സൗകര്യ വികസന സെസ്, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി & റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്. ഇതില്‍ ബേസിക് എക്സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല.


എല്ലാ വിലവര്‍ദ്ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻമേല്‍ ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ. ഈ അവസ്ഥ നിലനില്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയര്‍ത്തുന്നത്.


പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ അന്താരാഷ്ട്ര കമ്പോളത്തില്‍ വില കുറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ വര്‍ദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം ഉപഭോഗത്തിന്‍റെ ശക്തിപ്പെടുത്തലിനെ തടസ്സപ്പെടുത്തുന്നതു വഴി സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതം നില്‍ക്കും.


ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രത്യേകിച്ച് ദോഷകരമായി ബാധിക്കും. അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K