01 June, 2021 06:01:13 PM
എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല; മുന്നണിമാറ്റം ഉന്നമിട്ട് ആർ.എസ്.പി
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഐക്യജനാധിപത്യ മുന്നണിയുടെ സംഘടനാ ദൗർബല്യമാണെന്ന് ആർ.എസ്.പി. മുന്നണിമാറ്റത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുന്നണി മാറുന്നത് ആലോചനയിലില്ല. രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആർഎസ്പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും അസീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ്. എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല. യുഡിഎഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണം. കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എം ബിജെപിയുമായും മതമൗലികവാദികളുമായും സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോൺഗ്രസിൽ ഇപ്പോൾ വന്ന മാറ്റം ചെറുതായി കാണുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഓഗസ്റ്റ് 9ന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തുമെന്നും അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.