30 May, 2021 12:28:29 AM
കാർ വായ്പയിൽ ക്രമക്കേട്: എച്ച്ഡിഎഫ്സി ബാങ്കിന് 10 കോടി രൂപ പിഴയിട്ട് റിസർവ് ബാങ്ക്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് പത്ത് കോടി രൂപ റിസർവ് ബാങ്ക് പിഴയിട്ടു. തെറ്റായ രീതിയിൽ കാർ ലോണുകൾ വിറ്റഴിച്ച കേസിലാണ് പിഴ. നിശ്ചിത കമ്പനിയിൽ നിന്ന് ജിപിഎസ് ഡിവൈസ് വാങ്ങണമെന്ന് ബാങ്ക് നിർബന്ധിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.
ഈ പരാതി വലിയ വാർത്തയായതിന് പിന്നാലെ കാരണക്കാരായ ആറ് ജീവനക്കാരെ എച്ച്ഡിഎഫ്സി ബാങ്ക് മാനേജ്മെന്റ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബാങ്കിന്റെ വാഹന വായ്പാ വിഭാഗത്തിന്റെ തലവനായിരുന്ന അശോഖ് ഖന്നയും സ്ഥാനമൊഴിയേണ്ടി വന്നു. കമ്പനിയുടെ അഭിമാനത്തിനും ബാങ്ക് രംഗത്തെ സത്പേരിനും കളങ്കം വരുത്തിവെച്ച നടപടിയായിരുന്നു ഇത്.
റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ ഈ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് നടപടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസും വ്യക്തിഗത വിചാരണക്കിടെ രേഖപ്പെടുത്തിയ മൊഴികളും അടിസ്ഥാനമാക്കി ആരോപണങ്ങൾ ശരിയാണെന്ന് റിസർവ് ബാങ്കിന് വ്യക്തമാവുകയായിരുന്നു.