25 May, 2021 06:01:21 PM
പൂട്ടുവീഴുമോ?; വാട്സാപ്പിനും ഫേസ്ബുക്കിനും ഇന്ത്യയില്‍ നാളെ നിര്‍ണായകദിനം
ദില്ലി: ഇന്ത്യയിൽ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് മെയ് 26 നിർണായകദിനം. സമൂഹമാധ്യമങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ നാളെ തീരുമാനമെടുക്കും. സമൂഹ മാധ്യമങ്ങൾക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശം അംഗീകരിക്കാൻ അനുവദിച്ച അവസാനദിനം ഇന്ന് (മേയ് 25) ആയിരുന്നു. എന്നാൽ ഇതു പാലിക്കാൻ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കമ്പനികൾ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന തീരുമാനം നിർണായകമാകുന്നത്.
നിലവിൽ ട്വിറ്ററിന് സമാനമായ ഇന്ത്യയിൽ നിന്നുള്ള 'കൂ' മാത്രമാണ് സർക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ചത്. 2021 ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ മാർഗനിർഗദ്ദേശങ്ങൾ മേയ് 25-ന് മുൻപ് നടപ്പാക്കണമെന്നും അന്ന് നിർദ്ദേശിച്ചിരുന്നു. സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേങ്ങളിലൊന്ന്.
ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങൾക്കു പുറമെ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാക്കിയിരുന്നു. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ ഇന്റര്‍മീഡിയറി എന്ന നിലയിലുള്ള സംരക്ഷണം നഷ്ടമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതു കൂടാതെ നിയമനടപടികളും നേരിടേണ്ടിവരും.
ഇതിനിടെ പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേസ്ബുക്ക് സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തി വരികയാണെന്നും നിയമം പാലിക്കുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.