15 May, 2021 05:02:01 PM
കോവിഡിനൊപ്പം മഴയും: നെല്ലെടുക്കാൻ ആളില്ല; കർഷകർ ദുരിതത്തിൽ
ഏറ്റുമാനൂർ : ദീർഘകാലം തരിശുനിലമായി കിടന്നിരുന്ന ഏറ്റുമാനൂർ - ചെറുവാണ്ടൂർ പുഞ്ചപാടശേഖരത്ത് വിതനടത്തി കൊയ്തെടുത്ത പത്ത് ടൺ നെല്ല് കയറ്റി അയയ്ക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ. കിടപ്പുമുറികൾ വരെ ഒഴിവാക്കി ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുന്ന നെല്ല് മഴ കനത്തതോടെ ഈർപ്പം കൂടി കിളിർത്ത് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
പതിനഞ്ച് ദിവസത്തിലധികമായി നെല്ല് സംഭരിച്ച് കർഷകരുടെ വീടുകളിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട്. ഇവിടുത്തെ നെല്ല് സംഭരിക്കാൻ അലോട്ട് ചെയ്ത അരിമില്ലിന്‍റെ ഏജന്‍റ് മിൽ അടച്ചിട്ടിരിക്കുകയാണെന്ന മറുപടി പറഞ്ഞ് ഒഴിഞ്ഞതോടെ കര്‍ഷകര്‍ കൂടുതല്‍ ധര്‍മ്മസങ്കടത്തിലായി. ലോക്ക് ഡൗൺ കാരണം പറഞ്ഞ് കൃഷി ഉദ്യോഗസ്ഥരും കൈമലർത്തുകയാണ്.
ജനുവരിയിൽ കാലം തെറ്റി പെയ്ത കനത്ത മഴയിൽ പാടശേഖരത്ത് തങ്ങിനിന്ന വെള്ളക്കെട്ട് മൂലം ഇതിൽ എട്ട് ഏക്കറോളം വരുന്ന സ്ഥലത്തെ നെൽച്ചെടി പറിച്ച് വീണ്ടും നടേണ്ടി വന്നു. അതു കൊണ്ട് തന്നെ മറ്റ് പാടശേഖരങ്ങളിലെ കൃഷിക്കൊപ്പം ഇവിടെ വിളവെടുപ്പ് നടന്നില്ല.
നൂറ്റി അമ്പതോളം ഏക്കർ വരുന്ന ഏറ്റുമാനൂർ - ചെറുവാണ്ടർ പാടശേഖരത്തിൽ കൈയ്യേറ്റത്തിനും, നിലം നികത്തലിനും ശേഷം അവശേഷിച്ച നൂറേക്കർ പാടശേഖരത്ത് മുപ്പത് ഏക്കറിൽ മാത്രമായിരുന്നു കൃഷിയിറക്കിയിരുന്നത്. ഇസ്കഫ് എന്ന സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി കൃഷിക്കാർക്ക് പ്രോത്സാഹനം നൽകി ഇത്തവണ എൺപത് ഏക്കറിലധികം സ്ഥലത്ത് കൃഷിയിറക്കിയിരുന്നുവെന്ന് കൺവീനർ അഡ്വ.പ്രശാന്ത് രാജൻ പറഞ്ഞു.
ചെറുവണ്ടൂർ ചാലും പാടശേഖരവും സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് നഷ്ടം സഹിച്ചും പാടശേഖര ഉടമസ്ഥര്‍ കൂടിയായ കൃഷിക്കാർ തന്നെ ഇത്തവണ ഇവിടെ കൃഷി ഇറക്കിയത്. ഇതിലൂടെ നികന്നു പോയതും മാലിന്യം നിറഞ്ഞതുമായ ചെറുവാണ്ടൂർ ചാൽ ഭാഗികമായി വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നു. പക്ഷെ കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷിയിറക്കിയ തങ്ങളുടെ സങ്കടം കേള്‍ക്കാന്‍മാത്രം ആരും തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.