24 October, 2024 09:42:07 AM


'സുച്ചിനി' കൃഷിയിൽ പരീക്ഷണവുമായി കുറവിലങ്ങാട് പോലീസ്



കുറവിലങ്ങാട്: അമേരിക്കയിൽ നിന്ന് ഉത്ഭവിച്ചതും 1800കളുടെ തുടക്കത്തിൽ ഇറ്റലിയിൽ വികസിപ്പിച്ചെടുത്തതുമായ 'സുച്ചിനി' കൃഷിയിൽ പരീക്ഷണവുമായി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. കുറവിലങ്ങാട് കാർഷിക സഫാരി ക്ലബ്‌ അംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായി സുച്ചിനിയും അതോടൊപ്പം നീളൻ പയറും തങ്ങളുടെ തോട്ടത്തിൽ നട്ടാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്.  

കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ വളപ്പിൽ പ്രത്യേകമായി തയ്യാറാക്കിയ കൃഷിയിടത്തിൽ ഇത് രണ്ടാം ഘട്ടമായിട്ടാണ് ഇത്തവണ കൃഷി ഇറക്കിയത്. സുച്ചിനിയുടെ വിത്ത് പോലീസും കാർഷിക സഫാരി അംഗങ്ങളും ചേർന്ന് ഓൺലൈനിൽ വരുത്തിയതാണ്. 

കക്കരി കുടുംബത്തിൽ പെട്ടൊരു പച്ചക്കറിയാണ് സുച്ചിനി. കുക്കിർബിറ്റേസി കുടുംബത്തിലെ കുക്കുമ്പർ, മത്തങ്ങ തുടങ്ങി പല പച്ചക്കറികളും ഇന്ത്യയിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സുച്ചിനി ഇന്ത്യക്കാരുടെ അടുക്കളയിൽ എത്തിയിട്ട് അധികകാലമായില്ല. നോർത്ത് ഇന്ത്യയിൽ പ്രശസ്തമായ ഈ പച്ചക്കറി ഇന്ന് കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K