18 October, 2024 10:58:08 PM


പച്ചമുളകിന് ഇനി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട; തിരുവാർപ്പിലുണ്ട് 'മുളക് ഗ്രാമം'



കോട്ടയം : കേരളത്തിൽ അധികം ഉൽപ്പാദനം ഇല്ലാത്തതും എന്നാൽ വിപണിയിൽ നല്ല ആവശ്യകത ഉള്ളതുമായ ഒരു പച്ചക്കറി ഇനമാണ്‌ മുളക്. പച്ചമുളകായോ, മുളകു പൊടിയായോ നിത്യേന മുളക് ഉപയോഗിക്കാത്ത മലയാളികൾ ആരും തന്നെ ഇല്ല. അതുകൊണ്ട് തന്നെ കേരളത്തിൽ  മുളകിൻ്റെ  വിപണി സാധ്യത വളരെ ഏറെ. ഇതു മുന്നിൽ കണ്ടാണ് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ മുളക് ഗ്രാമം എന്ന പദ്ധതി ആവിഷ്കരിച്ചത്. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മുളക്  കൃഷി ചെയ്യുന്നതിനായി തിരുവാർപ്പ് പഞ്ചായത്തിലെ 2 ,10 ,12 ,13 ,15 വാർഡുകളിലായി അഞ്ച്  ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി) രൂപീകരിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയോഗ്യമാക്കിയ ഏകദേശം 2 ഏക്കർ ഭൂമിയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കിയത്. ഗുണമേന്മയുള്ള മുളക് തൈയ്യും വളവും പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകി.

ഉല്പാദിപ്പിക്കുന്ന മുളക് നേരിട്ട് വിപണനം നടത്തുന്നതിനൊപ്പം 
കീടനാശിനി രഹിത മുളകുപൊടി ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിയിൽ  വിഭാവനം ചെയ്യുന്നു. ആഗസ്റ്റ് മാസത്തിൽ നട്ട തൈകളിൽ ഇപ്പോൾ മുളക് വിളവെടുപ്പിന് പാകമായി നില്ക്കുന്നു . നല്ല വിളവാണ് ഗ്രൂപ്പുകൾക്ക് ലഭിച്ചത് .
മുളക് വിളവെടുപ്പ് ഉത്ഘാടനം 13 ആം വാർഡിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ മേനോൻ നിർവ്വഹിച്ചു. 

ചടങ്ങിൽ  വൈസ് പ്രസിഡണ്ട് രശ്മി പ്രസാദ് , ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ഷീനാ മോൾ , ഗ്രാമ പഞ്ചായത്തംഗങ്ങളായ അനീഷ് ഒ എസ് ,ജയ സജിമോൻ ,കൃഷി ഓഫീസർ നസിയ സത്താർ, തൊഴിലുറപ്പ് പദ്ധതി അസി .എഞ്ചിനിയർ ജിയോ , സമൃദ്ധി ഗ്രൂപ്പ് കൺവീനർ ഷീലമ്മ എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K