13 February, 2025 03:53:06 PM
പച്ചക്കറി തോട്ടത്തോടൊപ്പം പൂക്കൾ വിരിയിക്കാൻ തയ്യാറായി സ്കൂൾ വിദ്യാർഥികൾ

ഏറ്റുമാനൂർ: നഗരമധ്യത്തിലെ കലാലയത്തിൽ പച്ചക്കറികൾ വിളയിച്ച് ഐശ്വര്യത്തിൻ്റെ പൂക്കൾ വിരിയിക്കാൻ തയ്യാറായി വിദ്യാർഥികൾ രംഗത്ത്. ഏറ്റുമാനൂർ ഗവ. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം വ്യാഴാഴ്ച പുതുചരിത്രം കുറിക്കാനിറങ്ങിയത്.
സ്കൂൾ വളപ്പിൽ കാടും പുല്ലും പിടിച്ച് കിടന്ന സ്ഥലമാണ് കുട്ടികൾ കൃഷിസ്ഥലമായി ഒരുക്കിയെടുക്കുന്നത്. കുട്ടികൾക്ക് ഉച്ചകഞ്ഞി കൊടുക്കുന്നതിന് ഉപകരിക്കും വിധം പണ്ട് പി ടി എ നട്ടുവളർത്തിയ ഏതാനും വാഴകൾ ഈ കാടിനുള്ളിൽ ഉണ്ടായിരുന്നു. ഇവ നിലനിർത്തികൊണ്ടാണ് പുതിയ പച്ചക്കറി തൈകൾ വിദ്യാർഥികൾ നട്ടുപിടിപ്പിച്ചത്.
പച്ചക്കറി തോട്ടത്തിനായി വിവിധയിനം തൈകൾ വിദ്യാർഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു. ഇതോടൊപ്പം മനോഹരമായ പൂച്ചെടികളും നട്ടുവളർത്തി കലാലയം സൗന്ദര്യവത്ക്കരിക്കാനാണ് പദ്ധതി.
പി ടി എ പ്രസിഡൻ്റ് അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ഏറ്റുമാനൂർ പോലീസ് സബ് ഇൻസ്പെക്ടർ സൂരജ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സ്വാമിനാഥൻ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രാധിക, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റെനി തുടങ്ങിയവർ നേതൃത്വം നൽകി.