09 December, 2024 08:03:05 PM
'പൊന്നു വിളഞ്ഞ' പാടങ്ങളിൽ നിറയെ മാലിന്യം; ഇവിടെ കൃഷി ദുരിതപൂർണം
ഏറ്റുമാനൂര്‍: കയ്യേറ്റത്താൽ നാമാവശേഷമായി മാറിയ പാടശേഖരത്ത് മാലിന്യം കുന്ന് കൂടിയതോടെ കഷ്ടത്തിലായി ഒരു കൂട്ടം കർഷകർ. ഏറ്റുമാനൂർ നഗരസഭാ പരിധിയിലെ പേരൂർ പ്രദേശത്തെ നെൽ കർഷകരാണ് മാലിന്യകൂമ്പാരത്താൽ പാടത്തു കൃഷിയറക്കാൻ ബുദ്ധിമുട്ടുന്നത്.
പേരൂർ കണ്ടംചിറ മുതൽ മീനച്ചിലാർ വരെ നീണ്ടു കിടന്ന് പാടശേഖരം ഇന്ന് തുരുത്തിപ്പാടം മാത്രമായി ചുരുങ്ങി. കണ്ടംചിറ എന്ന പേരിനു കാരണമായ ചിറ പണ്ടേ മാഞ്ഞു. അതിന്റെ കൂടെ ചേർന്ന് കിടന്ന പാടങ്ങൾ പലതും നികത്തി വീടുകളും വ്യാപാര സ്ഥാപനങ്ങളും ആയി. അവശേഷിക്കുന്നത് പാടത്തേക്ക് വെള്ളം കേറ്റാനും ഇറക്കാനും ഉപയോഗിച്ച് കൊണ്ടിരുന്ന ചെറിയ തോടുകൾ മാത്രം. അവ ഇന്ന് നാട്ടുകാർക്ക് മാലിന്യം നിക്ഷേപിക്കാൻ ഉള്ള സ്ഥലമായും മാറി. ഈ മാലിന്യങ്ങൾ ഒഴുകി എത്തിച്ചേരുന്നത് തിരുത്തി പാടത്തും.
'പൊന്നു വിളഞ്ഞ' പാടം ഇന്ന് ചില്ലു കുപ്പി, പ്ലാസ്റ്റിക് കുപ്പി, ബാഗ്, ചെരുപ്പ്, ചാക്ക്, സ്‌നഗ്ഗി, തലയിണ, ചീത്ത വസ്ത്രങ്ങൾ തുടങ്ങിയ മാലിന്യങ്ങളുടെ സംഭരണകേന്ദ്രമായി. ഇന്ന് നിലം ഒരുക്കാൻ ഇറങ്ങുന്ന കർഷകർ ഏറ്റവും കൂടുതൽ പേടിക്കുന്ന ഒന്ന് കുപ്പിച്ചില്ലാണ്. കുപ്പിച്ചില്ല് കൊണ്ട് കാല് മുറിയാത്തവർ കുറവ്. വിതയ്ക്കാനായി ഒരുക്കിയിട്ട പാടത്തു വന്നടിഞ്ഞ മാലിന്യങ്ങൾ വാരി മാറ്റിയാൽ മാത്രമേ ഇനി ഇവിടെ കൃഷി ചെയ്യാനാവൂ.
പേരൂരിനോട് ചേർന്ന് കിടക്കുന്ന തെള്ളകം പാടത്തെ സ്ഥിതിയും മറിച്ചല്ല. ഇറിഗേഷൻ കനാലുകളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളും പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്നത് കർഷകരെ നന്നായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വിഷയത്തിൽ നഗരസഭ ഉണർന്നു പ്രവർത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം.